ചെസ്: അരവിന്ദ് ചിദംബരം ജേതാവ്
Tuesday, November 12, 2024 11:41 PM IST
ചെന്നൈ: ചെന്നൈ ഗ്രാൻഡ്മാസ്റ്റേഴ്സ് ക്ലാസിക്കൽ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ അരവിന്ദ് ചിദംബരം ജേതാവ്.
ഗ്രാൻഡ് മാസ്റ്റർമാരായ ലെവോണ്‍ അരോണിയൻ, അർജുൻ എറിഗാസി എന്നിവർക്കൊപ്പം ഒന്നാം സ്ഥാനത്ത് തുല്യത പാലിക്കുകയായിരുന്നു. ബ്ലിറ്റ്സ് ടൈബ്രേക്കിൽ അരോണിയനെ 2-0ന് തോൽപ്പിച്ചാണ് അരവിന്ദ് തന്റെ ആദ്യ ക്ലാസിക്കൽ ടൂർണമെന്റിൽ ജേതാവായത്.
ഒരു പ്രതീക്ഷയുമില്ലാതെയാണ് അരവിന്ദ് ടൂർണമെന്റിനിറങ്ങിയത്. ആദ്യ ഗെയിമിൽ ഇറാന്റെ അമിൻ ടബാറ്റബെയിയുമായി സമനില. അഞ്ചാം ഗെയിം വരെ സമനില തന്നെ. എന്നാൽ ആറാം ഗെയിമിൽ ടോപ് സീഡ് അർജുൻ എറിഗാസിയെ തോൽപ്പിച്ചു. അടുത്ത ഗെയിമിലും ജയിച്ചു. ഇതോടെ അരവിന്ദ്, അർജുനും അരോണിയനുമൊപ്പം 4.5 പോയിന്റിലെത്തി.
ഇതോടെ വിജയിയെ തീരുമാനക്കാൻ ഇവർ തമ്മിൽ ടൈബ്രേക്ക് മത്സരം വേണ്ടിവന്നു. ചാന്പ്യനെ കണ്ടെത്താൻ ഒരേ പോയിന്റുള്ള മൂന്ന് ഗ്രാന്‍ഡ്മാസ്റ്റർമാർ തമ്മിൽ ടൈബ്രേക്ക് മത്സരം നടത്തുകയായിരുന്നു. ആദ്യം ആരോണിയൻ, എറിഗാസിയെ തോൽപ്പിച്ചു. പിന്നീട് ആരോണിയനും അരവിന്ദും തമ്മിലായി മത്സരം. ഇതിൽ ഇന്ത്യൻ താരം ജയിച്ചു.