കേരളം ശക്തമായ നിലയിൽ
Thursday, November 14, 2024 12:59 AM IST
ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയിൽ ഹരിയാനയ്ക്കെതിരേ കേരളത്തിന്റെ രോഹൻ കുന്നുമ്മലിനും അക്ഷയ് ചന്ദ്രനും അർധ സെഞ്ചുറി.
ഒന്നാം ദിവസം കളി നിർത്തുന്പോൾ കേരളം രണ്ടു വിക്കറ്റിന് 138 റണ്‍സ് എന്ന നിലയിലാണ്. അക്ഷയ് (51), ക്യാപ്റ്റൻ സച്ചിൻ ബേബി (24) എന്നിവരാണ് ക്രീസിൽ. വെളിച്ചക്കുറവിനെത്തുടർന്നാണ് ഒന്നാം ദിവസം മത്സരം നേരത്തെ അവസാനിപ്പിച്ചത്.
ടോസ് നേടിയ ഹരിയാന കേരളത്തെ ബാറ്റിംഗിനു വിടുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ കേരളത്തിന് റണ്ണൊന്നുമെടുക്കാതെ നിന്ന ബാബ അപരാജിതിനെ നഷ്ടമായി. പിന്നീട് രോഹൻ- അക്ഷയ് ചന്ദ്രൻ കൂട്ടുകെട്ടിൽ പിറന്ന 91 റണ്‍സാണ് കേരളത്തെ രക്ഷിച്ചത്. 55 റണ്‍സ് നേടിയ രോഹൻ പുറത്തായി. മീഡിയം പേസർ അൻഷുൽ കാംബോജാണ് രണ്ടു വിക്കറ്റുകളും നേടിയത്.