ജ്യേഷ്ഠനെ കണ്ടിറങ്ങിയ അനുജനു തങ്കനേട്ടം
Sunday, November 10, 2024 2:01 AM IST
കൊച്ചി: ചേട്ടന്റെ കായിക പരിശീലനം കണ്ടിറങ്ങിയ അനുജൻ സ്വന്തമാക്കിയത് തങ്കപ്പതക്കം. അതും ജ്യേഷ്ഠനെ സാക്ഷിനിർത്തി.
കേരള സ്കൂൾകായിക മേളയിൽ ജൂണിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിലാണ് മെഡൽ നേട്ടം വീട്ടുകാര്യമായി മാറിയത്. തിരുവനന്തപുരത്തെ മലയോര ഗ്രാമമായ വിതുര സ്കൂളിൽ നിന്നുള്ള എ. കാർത്തിക് കൃഷ്ണ 14.17 മീറ്ററെന്ന ദൂരം ഷോട്ട് പായിച്ചാണ് സ്വർണത്തിന് ഉടമയായത്.
സഹോദരനും ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ ഹ്യതിക് ഷോട്ടിൽ പരിശീലനം നടത്തുന്നതു കണ്ടാണ് കാർത്തിക് കൃഷ്ണയും ഫീൽഡിൽ ഇറങ്ങിയത്. കഴിഞ്ഞ വർഷം 10 മീറ്റർ ഷോട്ട് പായിച്ച കാർത്തിക്കിന് ഹൃതിക്കിന്റെ പിന്തുണയും ലഭിച്ചതോടെ ഒരുവർഷത്തിനുള്ളിൽ പ്രകടനം 14.7 മീറ്റർ എന്ന ദൂരത്തിലെത്തി.
കഴിഞ്ഞ സംസ്ഥാന മീറ്റിൽ പത്താം സ്ഥാനത്ത് ആയിരുന്ന കാർത്തിക്ക് ഇക്കുറി മഹാരാജാസ് ഗ്രൗണ്ടിൽ സ്വർണം സ്വന്തമാക്കിയാണ് മടങ്ങുന്നത്. വീട്ടിൽ കാർത്തികിനു പരിശീലനം നൽകുന്നത് സഹോദരൻ ഹൃതിക് ആണ്. വിതുര സ്കൂളിലെ കായിക അധ്യപകൻ ബി. സത്യന്റെ കീഴില്‍ ഇരുവരും പരിശീലനം നടത്തുന്നുണ്ട്.
കാർത്തിക് ഡിസ്കസ് ത്രോയിൽ പങ്കെടുത്തെങ്കിലും പരിക്കു മൂലം പിൻമാറി. വിതുര അപ്പുലു വീട്ടില്‍ കെ.എസ്. അനീഷ്-എം.ആർ. അശ്വതി ദന്പതികളുടെ മക്കളാണ്.