ഇരട്ട സ്വര്‍ണമില്ലാതെ ഹെനിന് ഉറക്കമില്ല
Monday, November 11, 2024 3:27 AM IST
കൊച്ചി: സംസ്ഥാന സ്കൂൾ മീറ്റില്‍ ഇരട്ട സ്വര്‍ണമില്ലാതെ ഹെനിന് മടക്കമില്ല. കഴിഞ്ഞ സംസ്ഥാന മീറ്റിലെ അതേ പതിവ് ഇത്തവണയും കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ്വണ് വിദ്യാര്‍ഥി ഹെനിന് എലിസബത്ത് ആവര്‍ത്തിച്ചു. മത്സരിച്ച രണ്ട് ഇനങ്ങളിലും സ്വര്‍ണ നേട്ടവുമായാണ് ഹെനിന് എറണാകുളം വിടുന്നത്.
ഡിസ്കസ് ത്രോയില്‍ 34.37 മീറ്റര്‍ എറിഞ്ഞ് കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയ ഹെനിന് ഇന്നലെ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും സ്വര്‍ണത്തിൽ മുത്തമിട്ടു. കരിയറിലെ മികച്ച ദൂരമായ 14.16 മീറ്റര്‍ എറിഞ്ഞാണ് ഹെനിന് ഒന്നാമത് എത്തിയത്. അവസാന റൗണ്ടിലെ ആദ്യ ശ്രമം ഫൗളായെങ്കിലും നിരാശയില്ലാതെ ഉറച്ച മനസോടെ രണ്ടാമത്തെ അവസരത്തില്‍ തന്നെ 14.16 മീറ്റര്‍ താണ്ടി. 2019 ല്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ 9.54 ദൂരമെറിഞ്ഞ് റിക്കാര്‍ഡോടെ പൊന്നണിഞ്ഞിട്ടുണ്ട്. 2023 ലാണ് ഈ റിക്കാര്‍ഡ് തകര്‍ക്കപ്പെട്ടത്.
ഷോട്ട്പുട്ടിലെ മികവ് തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ മകളെ കാസര്‍ഗോഡ് കെ.സി ത്രോസ് അക്കാഡമിയില്‍ അയച്ച് പരിശീലിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പഠനം കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലേക്ക് മാറ്റി. ആറ് മുതല്‍ എട്ടുവരെ ക്ലാസുകള്‍ പഠിച്ചത് കോതമംഗലം മാര്‍ ബേസിലിലാണ്.