അത്ലറ്റിക്സിൽ കന്നിക്കിരീടം സ്വന്തമാക്കി മലപ്പുറം
Tuesday, November 12, 2024 2:15 AM IST
കൊച്ചി: കേരള സ്കൂൾ കായികമേളയിലെ ആവേശമായ അത്ലറ്റിക്സില് മലപ്പുറം ജില്ല ചരിത്രം കുറിച്ചു. സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ആദ്യമായാണ് മലപ്പുറം കിരീടം നേടുന്നത്.
ആദ്യദിനങ്ങളിലെ പാലക്കാടിന്റെ പ്രതിരോധത്തെ മറികടന്ന് അവസാന ദിനത്തിലെ കുതിപ്പാണ് മലപ്പുറത്തിന് കിരീടം സമ്മാനിച്ചത്. 22 സ്വര്‍ണവും 32 വെള്ളിയും 24 വെങ്കലവുമുള്‍പ്പെടെ 247 പോയിന്റുമായി മലപ്പുറം ചാമ്പ്യനായി.
കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായിരുന്ന പാലക്കാട് 25 സ്വര്‍ണവും 13 വെള്ളിയും 18 വെങ്കലവുമായി 213 പോയിന്റോടെ റണ്ണേഴ്സ് അപ്പായി. ആതിഥേയരായ എറണാകുളം എട്ടു സ്വര്‍ണവും ഒന്‍പത് വെള്ളിയും അഞ്ചു വെങ്കലവുമായി 73 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി.
ഹാട്രിക്ക് ചാന്പ്യന്മാരായ പാലക്കാടിനെയും മുൻ ചാന്പ്യന്മാരായാ എറണാകുളത്തെയും ഞെട്ടിച്ചായിരുന്നു മലപ്പുറം മഹാരാജാസ് സ്റ്റേഡിയത്തിൽ മാസ് പ്രകടനം കാഴ്ചവച്ചത്.
മികച്ച സ്കൂളുകളില്‍ 80 പോയിന്റുമായി കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ബെസ്റ്റ് സ്കൂള്‍ പട്ടം സ്വന്തമാക്കി. എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവുമായാണ് ഈ കുതിപ്പ്.
തിരുവനന്തപുരം ജിവി രാജ സ്കൂള്‍ എട്ടു സ്വര്‍ണം നാലു വെള്ളി മൂന്നു വെങ്കലം എന്നിങ്ങനെ 55 പോയിന്റുമായി രണ്ടാം സ്ഥാനത്തും തിരുനാവായ നാവാമുകുന്ദ രണ്ടു സ്വര്‍ണവും ഒന്‍പതു വെള്ളിയും ഏഴു വെങ്കലവുമായി 44 പോയിന്റോടെ മൂന്നാം സ്ഥാനത്തുമെത്തി.
ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി
കേരള സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാർ. അത്ലറ്റിക്സില് മലപ്പുറം ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി. 227 സ്വര്‍ണവും 150 വെള്ളിയും 164 വെങ്കലവും ഉള്‍പ്പെടെ 1935 പോയിന്റുമായാണ് തലസ്ഥാന ജില്ല ഓവറോള്‍ കിരീടത്തില്‍ മുത്തമിട്ടത്. 80 സ്വര്‍ണവും 65 വെള്ളിയും 99 വെങ്കലവുമായി 848 പോയിന്റോടെ തൃശൂര്‍ റണ്ണേഴ്സ് അപ്പായി. മൂന്നാം സ്ഥാനത്തെത്തിയ മലപ്പുറത്തിന് 64 സ്വര്‍ണവും 90 വെള്ളിയും 138 വെങ്കലവും ഉള്‍പ്പെടെ 824 പോയിന്റാണ്.
ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി സമ്മാനിച്ചു.
ഒന്‍പതു റിക്കാർഡ്
അത്ലറ്റിക്സിൽ അഞ്ചു ദിനങ്ങളിലായി ഒന്‍പതു റിക്കാര്ഡുകള്ക്കാണ് മഹാരാജാസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
സീനിയര്‍ ആണ്‍വിഭാഗം ഡിസ്കസ് ത്രോ (60.24), ഷോട്ട്പുട്ട് (17.74) ഇനങ്ങളില്‍ കാസര്‍ഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സര്‍വന്‍, 3000 (8:37.69), 1500 (3:54.38) ഓട്ടത്തിൽ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിന്റെ എം.പി. മുഹമ്മദ് അമീന്, പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസിലിന്റെ ശിവദേവ് രാജീവ് (4.80), 400 മീറ്ററില്‍ തിരുവന്തപുരം ജിവി രാജയുടെ മുഹമ്മദ് അഷ്ഫാഖ് (47.65), 110 മീറ്റർ ഹര്‍ഡില്‍സില്‍ തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ വിജയ്കൃഷ്ണ (13.97), പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസിലിലെ ജീന ബേസില്‍ (3.43) എന്നിവരാണ് 2024 അത്ലറ്റിക് മീറ്റിലെ റിക്കാർഡ് നേട്ടക്കാർ. ഇവർക്കു പുറമേ ജൂണിയർ ആൺകുട്ടികളുടെ 4x100 റിലേയില്‍ ആലപ്പുഴ ടീമും റിക്കാർഡ് തിരുത്തി.