പോരാട്ടവീര്യം ഇത്ര മതിയോ
Tuesday, November 12, 2024 11:41 PM IST
തോമസ് വർഗീസ്
കൊച്ചി: ഇന്ത്യൻ കായികരംഗത്തിന്റെ കളരിയെന്നു വിശേഷിപ്പിക്കുന്ന മലയാള നാടിന്റെ സ്വന്തം സ്കൂൾ കായികമേളയെ ഇരുകൈയും നീട്ടി കൊച്ചിയിലെ കായികപ്രേമികൾ വരവേറ്റു. എങ്ങും ആവേശത്തിന്റെ അലകടൽ സൃഷ്ടിച്ചാണ് എട്ടു ദിവസം നീണ്ടുനിന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് സമാപനമായത്. ആദ്യമായി ഗെയിംസും അത്ലറ്റിക്സും അക്വാട്ടിക്സും ഒരുമിച്ചു നടത്തിയെന്ന ഖ്യാതിയും സ്വന്തമാക്കിയാണ് കൊച്ചി മീറ്റ് അവസാനിച്ചത്.
കൊച്ചിയിലെ 17 വേദികളിൽ 25000ത്തോളം താരങ്ങളാണ് മാറ്റുരച്ചത്. എട്ടു നാളത്തെ കായിക മാമാങ്കം പൂർത്തിയായപ്പോൾ മുഖ്യമന്ത്രിയുടെ പേരിലുള്ള മികച്ച ജില്ലയ്ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി കരസ്ഥമാക്കിയത് തിരുവനന്തപുരമാണ്. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും ഉൾപ്പെടെ 1935 പോയിന്റോടെയാണ് തിരുവനന്തപുരം കിരീടത്തിൽ മുത്തമിട്ടത്. 80 സ്വർണവും 65 വെള്ളിയും 99 വെങ്കലവുമായി തൃശൂർ 848 പോയിന്റോടെ റണ്ണേഴ്സ് അപ്പായപ്പോൾ 64 സ്വർണവും 90 വെള്ളിയും 138 വെങ്കലവുമായി 824 പോയിന്റോടെ മലപ്പുറം ഓവറോൾ ചാന്പ്യൻ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
അത്ലറ്റിക്സിൽ മെച്ചപ്പെടേണ്ടേ
സ്കൂൾ കായികമേളയിൽ ഏറ്റവും ശ്രദ്ധേയവും കേരളം ദേശീയ തലത്തിൽ ഏറ്റവും മികവാർന്ന പ്രകടനം നടത്തുന്നതും അത്ലറ്റിക്സിലാണ്. ഇതിൽ തന്നെ കേരളത്തിന്റെ സ്കൂൾ കുട്ടികളുടെ കുത്തകയെന്നു വിശേഷിപ്പിക്കാവുന്നത് ട്രാക്ക് ഇനങ്ങളായിരുന്നു. എന്നാൽ, ഇക്കുറി സ്കൂൾ മീറ്റിന് തിരശീല വീണപ്പോൾ അത്ലറ്റിക്സിലെ പ്രകടനമികവ് എത്രമാത്രമെന്ന ചോദ്യം ഉയരുന്നു. ട്രാക്കിലും ഫീൽഡിലുമായി കെ.സി. സർവൻ, എം.പി. മുഹമ്മദ് അമീൻ, വിജയ്കൃഷ്ണ, മുഹമ്മദ് അഷ്ഫ്വാക്ക്, ശ്രേയ തുടങ്ങിയവരുടെ പ്രകടനമികവ് എടുത്തു പറയേണ്ടതാണ്. അപ്പോഴും ട്രാക്ക് ഇനങ്ങളിൽ പ്രത്യേകിച്ച് സ്പ്രിന്റ് ഇനങ്ങളിൽ കേരളാ താരങ്ങളുടെ പിന്നോട്ടുപോക്ക് ഏറെ ആശങ്കയോടെ കാണേണ്ടതും ഇതിൽ പ്രതിവിധി മാർഗങ്ങൾ കണ്ടെത്തേണ്ടതുമാണ്.
ഫീൽഡ് ഇനങ്ങളിൽ കെ.സി. സർവന്റെ പ്രകടനം മാറ്റിനിർത്തിയാൽ ദേശീയ നിലവാരത്തിന് അടുത്തെത്തുന്ന പ്രകടനങ്ങൾ വളരെ കുറവാണ്. മുൻ വർഷങ്ങളിലെ അവസ്ഥ ഉണ്ടാവാതെ ദേശീയ കായികമേളയിൽ വ്യക്തിഗത ഇനങ്ങളിൽ കേരളതാരങ്ങളുടെ പിന്നോട്ടുപോക്കിൽനിന്നും കരകയറാനുള്ള പ്രതിവിധികൾ കണ്ടെത്തിയേ പറ്റൂ
നാണക്കേടുകൾ ഉണ്ടാക്കരുത്
ഒളിന്പിക്സ് മോഡലിലെ ആദ്യ സ്കൂൾ കായികമേള എന്ന അവകാശവാദവുമായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ കായിക മാമാങ്കത്തിൽ മാനദണ്ഡങ്ങൾ സംബന്ധിച്ച അവ്യക്തത മീറ്റിന്റെ അവസാന ദിനത്തിൽ സംഘർഷത്തിലേക്ക് എത്തിയത് കായിക കേരളത്തിന് നാണക്കേടായി.
ചാന്പ്യൻ സ്കൂളുകളായി പരിഗണിക്കുന്നതിന് ജനറൽ സ്കൂളോ സ്പോർട്സ് സ്കൂളോ എന്ന വ്യത്യാസമുണ്ടാവില്ലെന്ന കാര്യം മുൻകൂട്ടി അധ്യാപകരെയും കായികതാരങ്ങളെയും സർക്കുലർ മുഖേന അറിയിച്ചിരുന്നെങ്കിൽ അവസാന ദിവസത്തെ സംഘർഷം ഒഴിവാക്കാമായിരുന്നു. ഒളിന്പിക്സ് മോഡൽ മത്സരം സംഘടിപ്പിക്കുന്പോൾ വരും വർഷങ്ങളിലെങ്കിലും ഷട്ടിൽ ബാഡ്മിന്റണ് മത്സരാർഥികൾ കോക്ക് കൊണ്ടുവരണമെന്നത് ഉൾപ്പെടെയുള്ള നിബന്ധനകൾ ഒഴിവാക്കണം.
പ്രശംസനീയം, കുറ്റമറ്റതാകണം
സവിശേഷ പരിഗണന അർഹിക്കുന്ന വിഭാഗത്തിലെ കുട്ടികളുടെ പോരാട്ടത്തിനും കായികമാമാങ്കം വേദിയായത് പ്രശംസനീയമാണ്. കൂടാതെ ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുമുള്ള താരങ്ങൾ ആദ്യമായി സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുത്തുവെന്നതും ശ്രദ്ധേയമാണ്.
ഗെയിംസും അക്വാട്ടിക്സും എല്ലാം ഒരു കുടക്കീഴിൽ അണിനിരത്തി മത്സരം സംഘടിപ്പിക്കാനുള്ള സംഘാടകരുടെ തീരുമാനം ഉചിതമായിരുന്നു. എന്നാൽ അത്തരമൊരു തീരുമാനം കൈക്കൊള്ളുന്പോൾ ഏറെ ശ്രദ്ധയോടെയുള്ള മുന്നൊരുക്കം വേണമായിരുന്നു. മുന്നൊരുക്കം ചില വേദികളിലെങ്കിലും പാളിയെന്നതു യാഥാർഥ്യമായി അവശേഷിക്കുന്നു.
വരും വർഷങ്ങളിൽ ഇതിൽ മാറ്റമുണ്ടായി കുറ്റമറ്റ രീതിയിൽ കായികമാമാങ്കം നടത്താൻ കഴിയുമെന്നു പ്രതീക്ഷിക്കാം.