സ്പ്രിന്റിൽ ഇരട്ട സ്വർണവുമായി നിവേദും ശ്രേയയും
Tuesday, November 12, 2024 2:15 AM IST
കൊച്ചി: കേരള സ്കൂൾ കായികമേളയിലെ അത്ലറ്റിക്സില്100നു പിന്നാലെ 200 മീറ്ററിലും സ്വര്‍ണ നേട്ടം സ്വന്തമാക്കി ജൂണിയര്‍ താരങ്ങൾ. ജൂണിയര്‍ ആണ്‍കുട്ടികളില്‍ ജെ. നിവേദ്കൃഷ്ണയും പെണ്‍കുട്ടികളില്‍ ആർ. ശ്രേയയുമാണ് സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണവുമായി മഹാരാജാസ് സ്റ്റേഡിയത്തില്‍നിന്നും ഓടിക്കയറിയത്.
പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ 22.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് 200 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ 10.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ആദ്യ സ്വര്‍ണത്തിന് നിവേദ് അവകാശിയായത്.
200ല്‍ വെള്ളിനേട്ടത്തിന് ഉടമയായ മലപ്പുറം തിരുനാവായ നാവാമുകുന്ദയിലെ ഫസലുല്‍ഹക്ക് 22.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വെങ്കലം സ്വന്തമാക്കിയ തിരുവനന്തപുരം ജിവി രാജയിലെ കെ.പി. വിനായക് 22.66 സെക്കന്‍ഡിൽ ഫിനിഷ് ലൈന്‍ കടന്നു. ഈ വിഭാഗത്തില്‍ പെണ്‍കുട്ടികളില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്. ശ്രേയ മിന്നും പ്രകടനം നടത്തി സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു.
25.53 സെക്കന്‍ഡിലാണ് ശ്രേയ 200 മീറ്റര്‍ പിന്നിട്ടത്. തിരുവനന്തപുരം സായിയിലെ അനന്യ സുരേഷ് (25.70) വെള്ളിയും തൃശൂര്‍ ആലൂര് ആർഎം ഹയര്‍സെക്കന്‍ഡറിയിലെ സി.എസ്. ആന്മരിയ (26.41) വെങ്കലവും നേടി.
ഡബിൾ സ്ട്രോംഗ്
സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്കൂളിലെ എം. ജ്യോതിക 25.44 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു സ്വര്‍ണമണിഞ്ഞു. തൃശൂര്‍ ആലൂര് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇ.ജെ. സോണിയ (25.78) വെള്ളിയും പത്തനംതിട്ട അടൂര്‍ സെന്റ് മേരീസ് സ്കൂളിലെ എച്ച്. അമാനിക (26.00) വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ ബേസിലിലെ ജസീം ജെ. റാസ് (21.83)സ്വര്‍ണം നേടിയപ്പോള്‍ തിരുനാവായ നാവാമുകുന്ദയിലെ മുഹമ്മദ് ഷമീല്‍ (22.09) വെള്ളിയും തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്കൂളിലെ വിജയ്കൃഷ്ണന്‍ (22.34) വെങ്കലവും സ്വന്തമാക്കി.
സബ് ജൂണിയര്‍ ആണ്‍കുട്ടികളില്‍ തിരുവനന്തപുരം ജിവി രാജയിലെ പി.കെ. സായൂജ് 24.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണത്തിന് അവകാശിയായപ്പോള്‍ തിരുനാവായ നാവാമുകുന്ദയിലെ ശംഭുനാഥ് (25.03) വെള്ളിയും കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ ശ്രീദേവ് ചന്ദ്രന് (25.22) വെങ്കലവും നേടി.
സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അൽക്ക ഷിനോജ് 27.11 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈൻ കടന്നു സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ ഇടുക്കി കാല്‍വരിമൗണ്ട് സിഎച്ച്എസിലെ ദേവപ്രിയ ഷൈബു (27.43) വെള്ളിയും പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ എസ്. അന്‍വി(27.70) വെങ്കലവും സ്വന്തമാക്കി.