പരിക്കിനെ പടികടത്തിയ പൊന്നേറ്
Tuesday, November 12, 2024 2:15 AM IST
കൊച്ചി: വീടിന്റെ പടിക്കെട്ടില്‍നിന്നു വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് സംസ്ഥാന കായികമേള നഷ്ടമാകുമോയെന്ന ആശങ്കയ്ക്കിടയിലും സ്വര്‍ണം നേടി പാലക്കാടിന്റെ എന്‍. സാഗര്‍.
ആണ്‍കുട്ടികളുടെ ജൂണിയര്‍ വിഭാഗം ഹാമര്‍ ത്രോയിലാണ് പറളി എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാഗറിന്റെ സുവർണനേട്ടം.
കേരള സ്കൂള്‍ മീറ്റ് ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീടിന്റെ പടിക്കെട്ടില്‍ വീണ് സാഗറിന് പരിക്കേറ്റത്. ഇതോടെ ഡിസ്കസ്ത്രോയിലും ഷോട്ട്പുട്ടിലും മത്സരിക്കേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് ഇഷ്ട ഇനമായ ഹാമര്‍ ത്രോയിൽ മാത്രം ശ്രദ്ധയൂന്നി.
കാലിന് അസഹീയമായ വേദന ഉണ്ടായിരുന്നെങ്കിലും കരിയറിലെ മികച്ച ദൂരം (47.44) കുറിച്ചാണ് സാഗര്‍ ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ കൊല്ലം കല്ലട ഗവ എച്ച്എസ്എസിലെ മോസസ് ബിനു വര്‍ഗീസ് വെള്ളിയും എറണാകുളം വെങ്ങോല എസ്എച്ച്എസിലെ ജോയല്‍ സണ്ണി വെങ്കലവും നേടി.