ട്രിപ്പിള്‍ കിരീട നേട്ടവുമായി ഐഡിയല്‍ സ്കൂള്‍
Tuesday, November 12, 2024 2:15 AM IST
കൊച്ചി: കേരള സ്കൂൾ കായിക മേളയില്‍ അത്ലറ്റിക്സില് ട്രിപ്പിള്‍ കിരീട നേട്ടവുമായി മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂള്‍.
തിരുവനന്തപുരം മീറ്റില്‍ ആരംഭിച്ച ചാമ്പ്യന്‍ സ്കൂള്‍ പട്ടം കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നിലനിര്‍ത്തിയ ഐഡിയല്‍, ഇക്കുറി കൊച്ചിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ട്രിപ്പിള്‍ തികച്ചത്. എട്ടു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 80 പോയിന്റോടെയാണ് മഹാരാജാസ് ഗ്രൗണ്ടില്‍ ഐഡിയല്‍ രാജാക്കന്മാരായത്.
2022 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍നിന്നും ഏഴു സ്വര്‍ണം, ഒന്‍പത് വെള്ളി, നാലു വെങ്കലം അടക്കം 66 പോയിന്റ് നേടിയായിരുന്നു ആദ്യ വട്ടം ചാമ്പ്യന്മാരായത്.
കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അഞ്ചു സ്വര്‍ണം, ഏഴു വെള്ളി, 11 വെങ്കലം എന്നിങ്ങനെ 57 പോയിന്റോടെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. ഇക്കുറി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കൊച്ചിയില്‍ നിന്നുംചാമ്പ്യന് പട്ടവുമായി ഐഡിയല്‍ മലപ്പുറത്തേക്കു വണ്ടി കയറുന്നത്. പഠനത്തോടൊപ്പം കായിക മേഖലയിലും മിന്നും പ്രകടനം നടത്തി കായിക കേരളത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഐഡിയല്‍ സ്കൂൾ.
കായികക്ഷമതയ്ക്കായി തുടങ്ങി
സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കായിക ക്ഷമത വളര്‍ത്തിയെടുക്കുക എന്നലക്ഷ്യവുമായി 2007ലാണ് ഐഡിയല്‍ സ്പോര്‍ട്സ് അക്കാഡമി സ്ഥാപിച്ചത്.
ഇന്ത്യന്‍ ഫുട്ബോള്‍ താരം ആസിഫ് സഹീറായിരുന്നു ഉദ്ഘാടകൻ. ഓരോ വര്‍ഷവും റവന്യു, സംസ്ഥാന തലങ്ങളില്‍ ഐഡിയലിന്റെ താരങ്ങള്‍ പോരാട്ട മികവ് വര്‍ധിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാന സ്കൂള്‍ മീറ്റിലെ ചാമ്പ്യന്‍ പട്ടം വരെ നേടി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിരവധി മെഡല്‍ നേട്ടങ്ങള്‍ കേരളത്തിനു ഐഡിയല്‍ സമ്മാനിച്ചിട്ടുണ്ട്.
കായിക വിഭാഗം മേധാവി ഷാഫി അമ്മായത്തിന്റെ നേതൃത്വത്തില്‍ ചീഫ് കോച്ച് നദീഷ് ചാക്കോ, സീനിയര്‍ കോച്ച് ടോമി ചെറിയാൻ, അസിസ്റ്റന്റ് കോച്ച് സുജിത്ത് തുടങ്ങിയവരുടെ ചിട്ടയായ പരിശീലനമാണ് ടീമിന്റെ മിന്നും പ്രകടത്തിന് അടിസ്ഥാനം.