എറിഞ്ഞു നേടി; ഇനി കോടതി കനിയണം...
Tuesday, November 12, 2024 2:15 AM IST
കൊച്ചി: റിക്കാര്ഡിനടുത്തെത്തിയ പ്രകടനത്തോടെ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ ഒന്നാമതെത്തിയെങ്കിലും രോഹിത്തിന് സ്വര്‍ണം കൈയില്‍ കിട്ടാന്‍ ഇനി കോടതി കനിയണം.
വിധിയും ദൗര്ഭാഗ്യവുമൊക്കെ മുന്നില്‍ തീര്‍ത്ത പ്രതിബന്ധങ്ങളെ മനോവീര്യത്താവും നിശ്ചയദാര്‍ഢ്യത്താലും മറികടന്നാണ് മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഹാമര്‍ത്രോയിൽ പാലക്കാട് ബിഇഎംഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി വി.വി. രോഹിത് ചന്ദ്രന് മിന്നും പ്രകടനം കാഴ്ചവച്ചത്.
ജില്ലയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്നാണ് രോഹിത് കോടതിയെ സമീപിച്ചത്. ജില്ലാ കായികമേളയില്‍ മൂന്നുതവണ എറിഞ്ഞതും ഫൗളായതോടെയാണ് രോഹിത്തിനെ അയോഗ്യനാക്കിയത്.
കോണ്‍ക്രീറ്റ് ചെയ്യേണ്ട സ്ഥലത്തിനു പകരം മണ്ണിട്ട സ്ഥലത്താണ് മത്സരം നടത്തിയതെന്നു ചൂണ്ടിക്കാണിക്കുകയും കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ വെള്ളിയും ദേശീയതലത്തില്‍ ആറാം സ്ഥാനവും നേടിയതിന്റെ സര്‍ട്ടിഫിക്കറ്റുകൾ കാണിച്ചക്കുകയും ചെയ്തതോടെ രോഹിത്തിന് കോടതി മത്സരിക്കാന്‍ അനുമതി നല്കി.
അവിടെയും തീരുന്നതായിരുന്നില്ല രോഹിത്തിന്റെ ദൗര്‍ഭാഗ്യം. പരിശീലനത്തിനിടയ്ക്ക് നടുവിനേറ്റ ക്ഷതത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി പൂര്‍ണ ബെഡ് റെസ്റ്റിലായിരുന്നു. പരിശീലനം നടത്താനാകാത്തതിനാല്‍ മത്സരവേദിയില്വച്ചാണ് ആഴ്ചകള്‍ക്ക് ശേഷം ഹാമര്‍ കൈയിലെടുക്കുന്നത്.
പിന്നീട് കാഴ്ചക്കാരെ ആവേശം കൊള്ളിക്കുന്ന പ്രകടനമായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ദൂരം (57.97 മീറ്റര്‍) കുറിച്ച് രോഹിത് ഒന്നാമത് എത്തി. തുടർന്ന് ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്ന വൈകാരിക കാഴ്ചയ്ക്കും മത്സരവേദി സാക്ഷ്യം വഹിച്ചു.
58.32 മീറ്ററാണ് ഈ ഇനത്തിലെ നിലവിലെ റിക്കാര്‍ഡ്. അത് തിരുത്താന്‍ പറ്റാത്തതിന്റെ നിരാശയും രോഹിത്തിനുണ്ട്. കോടതി വിധി എന്തായാലും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രോഹിത്തും പരിശീലകരും.
പാലക്കാട് ഒളിമ്പിക് അത്ലറ്റിക് ക്ലബില്‍ അശ്വിന് ഹരിദാസിന്റെ കീഴിലാണ് രോഹിത് പരിശീലിക്കുന്നത്. ഈ ഇനത്തില്‍ എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ ജോണീസ് ഡോമിനിക് വെള്ളിയും മലപ്പുറം എംഇഎസ് എച്ച്എസ്എസിലെ ഇയാഷ് മുഹമ്മദ് വെങ്കലവും നേടി.