സർവം സർവൻ
Monday, November 11, 2024 3:27 AM IST
കൊച്ചി: റിക്കാർഡ് ഇടുന്നതും തിരുത്തുന്നതും പതിവാക്കിയ സർവൻ ശൈലിക്ക് കൊച്ചിയിലും മാറ്റമുണ്ടായില്ല. ഒരേദിവസം സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും പുതിയ മീറ്റ് റിക്കാർഡ് സ്ഥാപിച്ചാണ് ത്രോ ഇനങ്ങളിൽ സർവന്റെ തേരോട്ടം.
റിക്കാർഡ് പ്രകടനം ആവർത്തിച്ച സർവൻ 60.24 മീറ്റര്‍ ദൂരത്തേക്കാണ് ഇക്കുറി ഡിസ്ക് പായിച്ചത്. 2023ലെ സ്വന്തം റിക്കാർഡാണ് (57.71) ഇതോടെ തിരുത്തിയെഴുതിയത്. തൃശൂര്‍ മീറ്റ് വരെ സഹോദരന് കെ.സി. സിദ്ധാര്‍ഥിന്റെ പേരിലായിരുന്നു റിക്കാർഡ്. നിലവിലുള്ള ദേശീയ റിക്കാർഡിനെ മറികടക്കുന്ന പ്രകടനമാണ് സർവന്റേത്.
സ്കൂള്‍ മീറ്റില്‍ ഇത് ആറാം തവണയാണ് സര്‍വൻ റിക്കാർഡ് ബുക്കില്‍ ഇടംനേടുന്നത്. 2019 ലാണ് ആദ്യ മീറ്റ് റിക്കാർഡ്. സബ്ജൂണിയര്‍ താരമായിരുന്ന സര്‍വന്‍ അന്ന് ഡിസ്ക് പറത്തിയത് 41.58 മീറ്റർ. 2012ൽ തിരുവനന്തപുരത്ത് സർവൻ ഡിസ്ക് പായിച്ചതും റിക്കാർഡിലേക്കാണ്. ഒറ്റയേറില്‍ 50.93 മീറ്റര്‍ താണ്ടിയതോടെ ജൂണിയറിലും റിക്കാർഡ് താരമായി. സബ്ജൂണിയർ, ജൂണിയർ, സീനിയര്‍ വിഭാഗം ഡിസ്കസ് ത്രോ ഇനങ്ങളില്‍ സര്‍വന്റെ പേരിലാണ് സർവ റിക്കാർഡുകളും. സ്കൂള്‍ മീറ്റില്‍ കൂടുതല്‍ റിക്കാർഡുള്ള ആണ്താരവും സര്വാന് തന്നെ.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സര്‍വന്‍ 2020 കുവൈറ്റ് ഏഷ്യൻ യൂത്ത് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവാണ്. പിതാവ് കെ.സി. ഗിരീഷ് പരിശീലകനായ ചെറുവത്തൂര്‍ കെ.സി. ത്രോസ് അക്കാഡമിയിലാണ് പരിശീലനം. 1989 സ്കൂൾ ഗെയിംസിൽ ഡിസ്കസ് ത്രോയിൽ സ്വർണമെഡൽ ജേതാവാണ് ഗിരീഷ്. കെ. രേഷ്മയാണ് മാതാവ്.
ശനിയാഴ്ചയിലെ മത്സരം മാറ്റിവച്ചു
സീനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജ്യാന്തരതാരം സര്‍വന്റെ ഏറ് ചെന്ന് വീണത് റിക്കാര്‍ഡിലേക്ക്. 2023 ല്‍ സ്വന്തം പേരിൽ സ്ഥാപിച്ച ദൂരമാണ് ഇക്കുറി കെ.സി. സര്‍വന്‍ മറികടന്നത്. 17.74 മീറ്റര്‍ ആണ് പുതിയദൂരം. രണ്ടാമതെത്തിയ കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസിലെ ജോണ്‍ സ്റ്റീഫന്റെ ദൂരം 14.25 മീറ്റര്‍ മാത്രം.
ഇന്നലെ ഷോട്ട്പുട്ടിൽ മാത്രമായിരുന്നു സർവനു മത്സരം ഉണ്ടായിരുന്നത്. എന്നാൽ, ശനിയാഴ്ച നടക്കേണ്ടിയിരുന്നു ഡിസ്കസ്ത്രോ ഞായറാഴ്ചയിലേക്ക് ഷെഡ്യൂൾ ചെയ്തു. വെളിച്ചക്കുറവിനെ തുടർന്നായിരുന്നു അത്. ഇതോടെ ഒരുദിവസം തന്നെ, രാവിലെയും വൈകുന്നേരവുമായി ഇരട്ട റിക്കാർഡ് സ്വർണം നേടാൻ സർവനു സാധിച്ചു.
റിക്കാര്‍ഡുകള്‍ ഹോബിയാക്കിയ സര്‍വന്‍ ബെസ്റ്റ് എട്ടിലെ മൂന്നാം ശ്രമത്തിലാണ് ഷോട്ട് പുട്ടിൽ റിക്കാർഡ് നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ നേട്ടവും നിലവിലെ റിക്കാര്‍ഡ് മറികടന്നായിരുന്നു. ആറാം ക്ലാസ് മുതല്‍ കായികരംഗത്ത് സജീവമായ സര്‍വന്റെ പേരിലാണ് നിലവിൽ രാജ്യത്തെ മികച്ച ദൂരം.