സ്വന്തം റിക്കാർഡ് തകരുന്നതു ‘റിപ്പോർട്ട്’ചെയ്യാൻ ജ്യോതിഷ!
Sunday, November 10, 2024 2:00 AM IST
കൊച്ചി: കേരള സ്കൂൾ കായിക മേളയുടെ വാർത്താ ശേഖരണത്തിനിടയിലും കേരള മീഡിയ അക്കാഡമി വിദ്യാർഥിനിയായ വി. ജ്യോതിഷ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിലാണ്...
പത്തു വർഷമായി തന്റെ പേരിലുള്ള റിക്കാർഡ് ഭേദിക്കാൻ ഇത്തവണയെങ്കിലും ആരെങ്കിലും എത്തുമോയെന്ന്. 2015ൽ പാലക്കാട് പറളി ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് 1.57 മീറ്റർ ചാടി സബ് ജൂണിയർ പെൺകുട്ടികളുടെ ഹൈജംപിൽ ജ്യോതിഷ റിക്കാർഡിട്ടത്.
25 വർഷം പഴക്കമുള്ള റിക്കാർഡായിരുന്നു അന്ന് തകർത്തത്. കഴിഞ്ഞ 10 വർഷമായി ഈ റിക്കാർഡ് ജ്യോതിഷയ്ക്ക് സ്വന്തം. ആ വർഷം ദേശീയ മീറ്റിൽ നാലാം സ്ഥാനവും നേടി. പ്ലസ്ടു വരെ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും കോളജിൽ എത്തിയപ്പോൾ പിന്മാറി. ഇന്നാണ് സബ് ജൂണിയർ പെൺകുട്ടികളുടെ ഹൈജംപ്.
ഓരോ തവണ സ്കൂൾ കായിക മേള എത്തുമ്പോഴും റിക്കാർഡ് ഭേദിക്കപ്പെടുമെന്ന് കരുതും. കഴിഞ്ഞ 10 വർഷമായി ഈ കാത്തിരിപ്പ് തുടരുന്നു-ജ്യോതിഷ പറഞ്ഞു. വിക്ടേഴ്സ് ചാനലിനു വേണ്ടി സ്കൂൾ കായിക മേള റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ജ്യോതിഷ.