അച്ഛൻ ഷോട്ട്പുട്ട് സമ്മാനിച്ചു; മകൾ സുവർണ നേട്ടവും...
Sunday, November 10, 2024 2:00 AM IST
കൊച്ചി: മകളെ കായികരംഗത്തു മിന്നും താരമാക്കണമെന്ന് പിതാവിന് ഏറെ ആഗ്രഹം. ചെത്തുതൊഴിലാളിയായ പിതാവ് മകൾക്ക് ഒരു വർഷം മുമ്പ് ഷോട്ട്പുട്ട് വാങ്ങി നൽകി. ആ ഷോട്ടിൽ പരിശീലനം നടത്തിയ മകൾ ഇന്നലെ പിതാവിനു സ്വർണം തിരികെ സമ്മാനിച്ചു.
കേരള സ്കൂൾ കായിക മേളയിൽ സബ് ജൂണിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ 9.24 മീറ്റർ എറിഞ്ഞ് കണ്ണൂര്‍ കിഴത്തൂര്‍ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ബി.കെ. അന്‍വിക ഒന്നാമതെത്തി. അതോടെ പിതാവു നൽകിയ ഷോട്ടിന് സ്വർണത്തിൽ ചാലിച്ച സമ്മാനം മഹാരാജാസ് സ്റ്റേഡിയത്തിലെ ഫീൽഡിൽ നിന്ന് മകൾ തിരിച്ചു നൽകി.
അന്‍വികയുടെ പിതാവ് ബി.കെ. രാജേഷ് വോളിബോള്‍ കളിക്കാരന് കൂടിയാണ്. മകളെ കായിക രംഗത്തേക്ക് എത്തിക്കുകയെന്നത് ഈ അച്ഛന്റെ എക്കാലത്തേയും വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ബാഡ്മിന്റണിൽ പരിശീലനം തുടങ്ങി. ഇതിനിടെ മുൻ അത്ലറ്റായിരുന്ന റിജുവിന്റെ കോച്ചിംഗിനെക്കുറിച്ച് അറിഞ്ഞു.
ത്രോ ഇനങ്ങളിൽ റിജു കുറച്ചു കുട്ടികൾക്ക് പരിശീലനം നൽകുന്ന കാര്യം അൻവികയുടെ ബന്ധുവും കേരള വനിതാ ഹോക്കി ടീമിലെ ക്യാപ്റ്റനുമായിരുന്ന ആര്യയാണ് അറിയിച്ചത്. പിതാവ് വാങ്ങി നൽകിയ ഷോട്ട്പുട്ടുമായി പരിശീലനം ആരംഭിച്ചു. ഒരു വർഷത്തെ പരിശീലനത്തിന്റെ കരുത്തുമായി പോരാട്ടത്തിനെത്തിയ അൻവിക സ്വർണത്തിൽ മുത്തമിട്ടു.
മമ്പറം ഇന്ദിരാഗാന്ധി സ്കൂൾ മൈതാനിയിൽ ദിവസവും രണ്ടു മണിക്കൂര്‍ പരിശിലനം നടത്തും. മാതാവ് സജിന. സഹോദരന് ആല്‍ബി പ്ലസ് ടു വിദ്യാര്‍ഥിയാണ്.