ഹ്രസ്വദൂരത്തിൽ പാലക്കാടിന്റെ ചൂളംവിളി
Monday, November 11, 2024 4:38 AM IST
കൊച്ചി: ഹ്രസ്വദൂരത്തിൽ പാലക്കാട്ടുകാരുടെ ചൂളംവിളി. കുതിച്ചു പാഞ്ഞ് റിക്കാർഡുകൾ തിരുത്തിക്കുറിച്ച് ജൂണിയർ ആൺകുട്ടികളുടെ 1500 പോരാട്ടം. എം. അമൃത് സ്വർണം നേടിയതോടെ മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണത്തിന് ഉടമയായി. പാലക്കാട് കല്ലടി എച്ച്എസ്എസ് കുമരംപുത്തുരിലെ അമൃത് നാലു മിനിറ്റ് 14.36 സെക്കൻഡിലാണ് സ്വർണത്തിൽ മുത്തമിട്ടത്. കൊല്ലം സായിയിലെ മെല്ബിന് ബെന്നി (4:14.94 ) വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ്. ജഗനാഥന് (4:16.65) വെങ്കലവും നേടി.
ജൂണിയര്‍ പെണ്‍കുട്ടികളിൽ പാലക്കാട് കൊടുവായൂര്‍ ജിഎച്ച്എസ്എസിലെ കെ. നിവേദ്യ (4:53.23) സ്വര്‍ണനേട്ടത്തിന് അവകാശിയായപ്പോൾ ഇടുക്കി കാല്‍വരി മൗണ്ട് സിഎച്ച്എസിലെ അലീന ഷാജി (4: 56.80) വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ എസ്. അര്‍ച്ചന (5:02.75) വെങ്കലും സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളിൽ റിക്കാർഡ് നേട്ടവുമായി മലപ്പുറം ചേക്കോട് കെകെഎംഎച്ച്എസ്എസിലെ എം.പി. മുഹമ്മദ് അമീന് (3:54.38) സ്വർണത്തിൽ മുത്തമിട്ടപ്പോൾ ഇതേ സ്കൂളിലെ കെ.സി. മുഹമ്മദ് ജസീല്‍ (3.54.88) നിലവിലെ റിക്കാർഡ് മറികടക്കുന്ന പ്രകടനം നടത്തി വെള്ളി നേട്ടത്തിന് അർഹനായി. ഈ വിഭാഗത്തിൽ പുതുനഗരം എംഎച്ച്എസ്എസിലെ എസ്. ശ്രീധിന്‍ (4.07.28 ) വെങ്കലം കരസ്ഥമാക്കി.
സീനിയര്‍ പെണ്‍കുട്ടികളിൽ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ സി.ആർ. നിത്യ നാലു മിനിറ്റ് 51.54 സെക്കൻഡിൽ സ്വര്‍ണമണിഞ്ഞു. കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ ജെ.ഡി. നിവേദ്യ (5:01.07) വെള്ളിയും കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപി (5:10.15) വെങ്കലവും കരസ്ഥമാക്കി.
വെറും ഡബിളല്ല, റിക്കാർഡ് ഡബിൾ
കൊച്ചി: മത്സരിച്ച രണ്ടിനങ്ങളിലും റിക്കാർഡോടെ സ്വർണം സ്വന്തമാക്കി മുഹമ്മദ് അമീൻ. കൊച്ചി മീറ്റിലെ ആദ്യ റിക്കാർഡ് സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ സ്വന്തമാക്കിയ മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ മുഹമ്മദ് അമീൻ ഇന്നലെ 1500ലും പ്രകടനം ആവർത്തിച്ചു.
2014ല്‍ പാലക്കാട് പറളി എച്ച്എസിലെ പി. മുഹമ്മദ് അഫ്സല് സ്ഥാപിച്ച 3:54.92 എന്ന റിക്കാർഡ് 3.54.38 എന്നാക്കി പുതുക്കിയാണ് അമീൻ ട്രാക്ക് വിട്ടത്. വെള്ളി നേടിയ മുഹമ്മദ് ജസിലും (3:54.88) നിലവിലെ മീറ്റ് റിക്കാർഡ് മറികടക്കുന്നപ്രകടനമാണ് നടത്തിയത്. ജസീലും ചീക്കോട് സ്കൂളിലെ വിദ്യാർഥിയാണ്.
അമീനും ജസീലും ഒരുമിച്ചാണ് കായികാധ്യാപകന് മുനീറിന്റെ കീഴില്‍ പരിശീലനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിയര്‍ തലത്തില്‍ മത്സരിച്ച് അമീന് സ്വര്‍ണവും ജസീല്‍ വെള്ളിയും നേടി. ഇന്നു നടക്കുന്ന ക്രോസ് കണ്ട്രിയിലും ഇരുവരും പോരാട്ടത്തിനിറങ്ങുന്നുണ്ട് . 1500 മീറ്ററിൽ പാലക്കാട് പുതുനഗരം എംഎച്ച്എസ്എസിലെ എസ്. ശ്രീധിന്‍ (4:07.28) വെങ്കലം കരസ്ഥമാക്കി.
ട്രിപ്പിൾ "അമൃത്'
കൊച്ചി: തൊട്ടതെല്ലാം പൊന്നാക്കി അമൃത്. ട്രാക്കിൽ പൊന്നിൻ കുതിപ്പ് നടത്തി മീറ്റിലെ ആദ്യ ട്രിപ്പിൾ സ്വർണം അമൃത് സ്വന്തമാക്കി. ഇന്നലെ രാവിലെ നടന്ന ജൂൺ ആൺകുട്ടികളുടെ 1500 മീറ്ററിൽ ഒന്നാമതായി ഓടിയെത്തിയതോടെയാണ് അമൃത് ഈ മീറ്റിലെ സുവർണ നേട്ടം മൂന്നായത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന 400, 800 മീറ്ററുകളിലും അമൃതിനെ വെല്ലാൻ ആളില്ലായിരുന്നു. 1500 മീറ്ററിൽ നാലു മിനിറ്റ് 14.3 6 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ മഹാരാജാസ് സിന്തറ്റിക് ട്രാക്ക് പുതുക്കി പണിതശേഷമുള്ള ആദ്യ ട്രിപ്പിളിന് അവകാശി എന്ന പെരുമയും അമൃതിനു സ്വന്തം.
പാലക്കാട് കല്ലടി എച്ച് എസ് എസ് കുമരംപുത്തൂരിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 2023 ൽ കുന്നകുളത്ത് നടന്ന സംസ്ഥാന മീറ്റില്‍ 1500, 800 ഇനങ്ങളിൽ സ്വര്‍ണം നേടിയിരുന്നു. പാലക്കാട് പഴതറ കുളത്തുങ്കല്‍ മോഹനന്-പുഷ്പ ദമ്പദികളുടെ മകനാണ്. സഹോദരന് അമല്‍ സീനിയര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മത്സരിക്കുന്നുണ്ട്. സായ് കോച്ച് നവാസിന്റെ കീവിലാണ് പരിശീലനം.
< b>അച്ഛന്റെ പൊന്ന്
കൊച്ചി: അച്ഛന്റെ പരിശീലനത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസിലെ പ്ലസ് വണ്‍കാരി ഡെന ഡോണി നേടിയതെടുത്തത് തിളക്കമാര്‍ന്ന പൊന്ന്. ഇന്നലെ നടന്ന ജൂണിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയിലാണ് ഡെന (35.76മീറ്റര്‍) സ്വര്‍ണം നേടിയത്.
2023ലെ സംസ്ഥാന മീറ്റില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. അവിടുന്ന്, മലബാര്‍ സ്പോര്‍ട്സ് അക്കാഡമിയിലെ ത്രോ പരിശീലകനായ അച്ഛന് ഡോണി പോളിന്റെ ചിട്ടയായ ശിക്ഷണത്തിലാണ് ഒറ്റവര്‍ഷം കൊണ്ട് 10 മീറ്റര്‍ ദൂരം മെച്ചപ്പെടുത്തി സ്വര്‍ണം നേടിയത്. ഇഷ്ട ഇനമായ ഷോട്ട്പുട്ടില്‍ വെള്ളിയിലൊതുങ്ങിയതില് സങ്കടമുണ്ടായിരുന്നെങ്കിലും കരിയറിലെ മികച്ച പ്രകടനത്തോടെ ഡിസ്കസ് ത്രോയിൽ സ്വര്‍ണം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഡെന പറഞ്ഞു.
സഹോദരി ഡോണ മരിയ സംസ്ഥാന സ്കൂള്‍ മീറ്റിലും ജൂണിയര്‍ മീറ്റിലും ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും നിരവധി മെഡല്‍ നേടിയിട്ടുണ്ട്. പഠനത്തിലും ഇരുവരും മികവ് പുലര്‍ത്തുന്നു. സിമ്മി ജോര്‍ജാണ് മാതാവ്. ഡിസ്കസ് ത്രോയിൽ കാസര്‍ഗോഡ് കുട്ടമത്ത് എംകെഎസ്എച്ച്എസിലെ ടി.സോനാ മോഹന്‍ (33.12) വെള്ളിയും ഇതേ സ്കൂളിലെ തന്നെ ജുവല്‍ മുകേഷ് (32.12) വെങ്കലവും നേടി.
പരിക്കിനെ പറത്തി മുഹമ്മദ്
കൊച്ചി: പരിക്കിനെ മറികടന്ന മിന്നുംപ്രകടനവുമായി സീനിയര്‍ ആണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ മലപ്പുറത്തിന്റെ മുഹമ്മദ് സഹീറിന് സ്വര്‍ണം. 57. 65 മീറ്റര്‍ ദൂരം പായിച്ചാണ് മുഹമ്മദിന്റെ നേട്ടം. കഴിഞ്ഞ വര്‍ഷം ഇതേയിനത്തില്‍ വെങ്കല മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മുഹമ്മദിന് അവസാന സ്കൂള്‍ കായിക മേളയിലെ സ്വര്‍ണ നേട്ടം ഇരട്ടിമധുരമാണ്. ഇക്കുറി പോള്‍വോൾട്ടില്‍ മത്സരിച്ചെങ്കിലും സമ്മാനം നേടാനായിരുന്നില്ല.
മൂന്നു മാസം മുമ്പ് പോള്‍വോൾട്ട് പരിശീലനത്തിനിടെ നടുവിനു പരിക്കേറ്റ മുഹമ്മദ് ഒരു മാസത്തെ പൂര്‍ണ വിശ്രമത്തിനു ശേഷമാണ് കായിക മേള പരിശീലനത്തിലേക്കു മടങ്ങിയെത്തിയത്. ചെറിയ ശാരീരിക അസ്വസ്ഥ്യങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും മെഡല്‍ നേടാനുറച്ചിറങ്ങിയ മുഹമ്മദിന്റെ തീരുമാനം തെറ്റിയില്ല. സ്പ്രിന്റ് ഇനങ്ങളിലെ താരമായിരുന്ന മുഹമ്മദ് പരിശീലകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ ഇനങ്ങളിലേക്ക് മാറിയത്.
കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ്, രാമപുരം സ്വദേശികളായ ഹാരിസ് ബാബു സജ്ന ഭമ്പതികളുടെ മകനാണ്. അഖിൽ, ടോമി എന്നിവരാണ് പരിശീലകർ.
റിലേ മിന്നി
കൊച്ചി: ആവേശം നിറച്ച 4x100 മീറ്റര്‍ റിലേയിലും റിക്കാര്‍ഡ് പ്രകടനം. ജൂണിയര്‍ ആണ്‍കുട്ടികളില്‍ ആലപ്പുഴയാണ് മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. 43.50 സെക്കന്‍ഡില്‍ ആലപ്പുഴയ്ക്കു വേണ്ടി ഫിനിഷ് ചെയ്ത അതുല്‍ ഷാജി, ആദര്‍ശ് കെ. ഷാജി, അഭിനവ് ശ്രീറാം, ടി.എം. അതുല്‍ എന്നിവർ 2018ല്‍ തിരുവനന്തപുരം സ്ഥാപിച്ച 43.85 സെക്കന്‍ഡിന്റെ റിക്കാര്‍ഡാണ് തകര്‍ത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാലക്കാടും (43.64) നിലവിലെ റിക്കാര്‍ഡ് മറികടന്നു. 44.03 സെക്കന്‍ഡില്‍ തൃശൂര്‍ വെങ്കലവും സ്വന്തമാക്കി.
സബ്ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് (48.72 സെക്കൻഡ്) പൊന്നണിഞ്ഞു. ജൂണിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പാലക്കാടിനാണ് സ്വര്‍ണം. സബ് ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോടിനാണ് (53.20) സ്വര്‍ണം. പാലക്കാട് വെള്ളിയും ആലപ്പുഴ വെങ്കലവും സ്വന്തമാക്കി.
ജൂണിയര്‍ പെണ്‍കുട്ടികളില്‍ 50.86 സെക്കൻഡിലാണ് പാലക്കാടിന്റെ സുവർണനേട്ടം. കോഴിക്കോട് (50.95)വെള്ളിയും കണ്ണൂര്‍(51.02) വെങ്കലവും സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളില്‍ തൃശൂരിനാണ് (42.78 സെക്കൻഡ്) സ്വര്‍ണം. പാലക്കാട് (43.41)വെള്ളിയും കോട്ടയം (43.59)വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ മലപ്പുറമാണ് (49.58 സെക്കൻഡ്) ഒന്നാമത്. കൊല്ലം 50.11 സെക്കന്‍ഡിലും, എറണാകുളം 51.74 സെക്കന്‍ഡിലും ഫിനിഷ് ചെയ്തത് യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ആലപ്പുഴക്കബഡി
കൊച്ചി: 19 വയസില്‍ താഴെയുള്ള സീനിയര്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ കാസര്‍ഗോഡ് തീര്‍ത്ത പ്രതിരോധത്തിന്റെ ചക്രവ്യൂഹം തകര്‍ത്ത് ആലപ്പുഴ ജേതാക്കളായി. 23 നെതിരെ 24 പോന്റിനാണ് ആലപ്പുഴയുടെ സ്വര്‍ണനേട്ടം. ആദ്യകളിയില്‍ കണ്ണൂരിനെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊല്ലത്തെയും സെമിയില്‍ മലപ്പുറത്തെയും മികച്ച സ്കോറുകളില്‍ പരാജയപ്പെടുത്തിയാണ് ആലപ്പുഴ ഫൈനലിലെത്തിയത്. ചേര്‍ത്തല ഗവ. ഗേള്‍സ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ടീമിലെ അംഗങ്ങള്‍.
സെവന് ഹീറോസ് ചേര്‍ത്തല കബഡി ക്ലബിന്റെ കീഴിലായിരുന്നു ആലപ്പുഴ ടീം പരിശീലനം നേടിയത്. ദേശീയതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ 12 അംഗ കേരള ടീമിലെ മൂന്നുപേര്‍ ആലപ്പുഴ ടീമില്‍ നിന്നുള്ളവരാണ്. മത്സരത്തില്‍ കാസര്‍ഡോഡ് വെള്ളിയും തിരുവനന്തപുരം വെങ്കലവും കരസ്ഥമാക്കി.
അയോഗ്യതയ്ക്ക് ഗായത്രിയുടെ മറുപടി സ്വര്‍ണം
കൊച്ചി: 80 മീറ്റര്‍ ഹർഡില്‍സില്‍ അയോഗ്യയാക്കപ്പെട്ടതിന്റെ സങ്കടം ഗായത്രി തീര്‍ത്തത് ലോംഗ്ജംപില് സ്വർണനേട്ടത്തോടെ. സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ 5.14 മീറ്റര്‍ ചാടിയാണ് തൃശൂര്‍ എങ്ങണ്ടിയൂര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എൻ. ജി. ഗായത്രി സ്വര്‍ണം നേടിയത്.
കടകശേരി ഐഡിയല്‍ ഇഎംഎച്ച്എസ്എസിലെ നേഹ സുമീഷ് (4.96) വെള്ളിയും മൂര്‍ക്കനാട് എസ്എസ്എച്ച് എസ്എസിലെ റിധ ജാസ്മിന് (4.84) എം.വെങ്കലവും നേടി. ഗായത്രിയുടെ രണ്ടാമത് സ്കൂള്‍ മീറ്റാണിതെങ്കിലും ആദ്യ സ്വര്‍ണനേട്ടമാണ്. നാട്ടിക സ്പോര്‍ട്സ് അക്കാഡമിയില്‍ കോച്ച് വി.വി. സന്തോഷിന്റെ കീഴിലാണ് പരിശീലനം.
കന്നിപ്പൊന്നില് അനന്യ
കൊച്ചി: ആദ്യമായി സംസ്ഥാന സ്കൂള്‍ മീറ്റിനെത്തിയ പാലക്കാട് കോട്ടായി ജിഎച്ച്എസ്എസിലെ പത്താം ക്ലാസുകാരി അനന്യ കൊച്ചിയില്‍ നിന്ന് മടങ്ങുന്നത് ജൂണിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപിലെ സ്വര്‍ണവുമായി. കന്നിയങ്കത്തില്‍ 5.72 മീറ്റര്‍ ചാടിയാണ് അനന്യയുടെ സുവർണനേട്ടം. കഴിഞ്ഞ വര്‍ഷം ദേശീയ ജൂണിയര്‍ മീറ്റിലും സൗത്ത് സോണ്‍ മീറ്റിലും സ്വര്‍ണം നേടിയിരുന്നു.
പിതാവ് പഴയന്നൂർ സ്റ്റേഷനിലെ എസ്ഐ കോട്ടായി കല്ലേക്കാട് വീട്ടില്‍ സുരേന്ദ്രന് മുന്‍ ജംപിംഗ് താരമാണ്. മങ്കര എഎസ്ഐയായ അമ്മ രജിതയും മുന്‍ അത്ലറ്റാണ്. സഹോദരന് അഭിനന്ദ് 2022 ലെ വേള്‍ഡ് സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്തിരുന്നു. അനില്‍കുമാറാണ് അനന്യയുടെ പരിശീലകന്.
ഈ ഇനത്തില്‍ എറണാകുളം കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് ജിഎച്ച്എസ്എസിലെ അദബിയ ഫെര്‍ഹാന്‍ വെള്ളിയും തൃശൂര്‍ കാല്‍ദിയന്‍ സിറിയന്‍ എച്ച്എസ്എസിലെ വി.എം. അശ്വതി വെങ്കലവും നേടി.
ഒന്നര ലാപ്പിൽ അല്‍ക്ക, അര്ജുൻ
കൊച്ചി: സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ 600 മീറ്ററിൽ ആലപ്പുഴ എഴുപുന്ന സെന്റ് റാഫേല്‍സ് എച്ച്എസ്എസിലെ കെ.യു. അര്‍ജുനും പെൺകുട്ടികളിൽകോഴിക്കോട് കുളത്തുവയൽ സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ അല്‍ക്ക ഷിനോജും സ്വര്‍ണം നേടി. അർജുൻ ഒരു മിനിറ്റ് 31.42 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വർണത്തിന് അവകാശിയായത്. മലപ്പുറം ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസിലെ രാജന് (1: 32.10) വെള്ളിയും കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസിലെ എ. മുഹമ്മദ് (1: 32.45) വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളില്‍ അല്‍ക്ക ഷിനോജ് ഒരു മിനിറ്റ് 42.19 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈൻ കടന്നു. പാലക്കാട് പറളി സ്കൂളിലെ സി.എസ്. ശ്രീയ (1: 42.40) വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസിലെ കെ.ജെ. ആര്‍ഷ (1: 42.46) വെങ്കലവും കരസ്ഥമാക്കി.