ഇഷ്ടം ഷോട്ട്പുട്ട്; സ്വര്‍ണം ഡിസ്കസില്‍
Sunday, November 10, 2024 2:00 AM IST
കൊച്ചി: ഇഷ്ടയിനം ഷോട്ട്പുട്ട് ആണെങ്കിലും ഫോര്‍ട്ട്കൊച്ചിക്കാരി ഹെനിന് എലിസബത്ത് സ്വർണമണിഞ്ഞത് സീനിയര്‍ വിഭാഗം ഡിസ്കസ്ത്രോയിൽ. 34.28 മീറ്റര്‍ എന്ന കരിയറിലെ മികച്ച ദുരം കുറിച്ചാണ് കാസര്ഗോ കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹെനിന് ഒന്നാമതെത്തിയത്. ഇന്നു നടക്കുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഹെനിന് മത്സരിക്കുന്നുണ്ട്.
മികച്ച ഷോട്ട്പുട്ട് താരമാകണമെന്ന മോഹത്താലാണ് കാസർഗോഡ് തൃക്കരിപ്പൂരിലുള്ള കെസി ത്രോ അക്കാഡമിയിലേക്ക് ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് ഹെനിന് വണ്ടി കയറിയത്. കെ.സി. ഗിരീഷിന്റെ കീഴിലായിരുന്നു പരിശീലനം. ഉപവിഭാഗം എന്ന നിലയിലാണ് ഡിസ്കസ് ത്രോയിലും ഹെനിന് പങ്കെടുത്തു തുടങ്ങിയത്.
കഴിഞ്ഞ സ്കൂള്‍ മീറ്റില്‍ രണ്ടിനത്തിലും ഹെനിനായിരുന്നു സ്വര്‍ണം. 2019ല്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല റിക്കാർഡും സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് സോണ്‍ നാഷണല്‍സില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഡിസ്കസ് ത്രോയില്‍ മത്സരിച്ച പിതാവും ബാങ്ക് ഉദ്യോഗസ്ഥനുമായ ഫോര്‍ട്ട്കൊച്ചി കോയിക്കരപറമ്പില് ഏബ്രഹാം ജോസഫില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹെനിനും ഈ രംഗത്തേക്കിറങ്ങുന്നത്. ടിഷ മാനുവലാണ് മാതാവ്.