അച്ഛനു സമ്മാനം പത്തരമാറ്റ് സ്വര്‍ണം
Sunday, November 10, 2024 2:01 AM IST
കൊച്ചി: കായിക കുടുംബത്തിലെ ഇളമുറക്കാരന്റെ മെഡല്‍ നേട്ട പട്ടികയിലേക്ക് ഒരു സ്വര്‍ണം കൂടി. ഇന്നലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ മികച്ച പ്രകടനവുമായാണ് കോട്ടയം മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി ജുവല്‍ തോമസ് സ്വര്‍ണമണിഞ്ഞത്.
എതിരാളികള്‍ക്ക് യാതൊരുവിധ വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിയാതിരുന്നതിനാല്‍ ദേശീയ റിക്കാര്‍ഡില്‍ താന്‍ കുറിച്ചിട്ട ഉയരം മറികടക്കാനുള്ള ശ്രമം വേണ്ടെന്നുവച്ച് മത്സരം അവസാനിപ്പിക്കുകയായിരുന്നു.
മുന്‍ ബാസ്കറ്റ് ബോള്‍ താരവും അത്ലറ്റും എരുമേലി എആര്‍ ക്യാമ്പിലെ സിഐയുമായ അച്ഛൻ സി.ജെ. തോമസിനുള്ള സമ്മാനം കൂടിയായി ജുവലിന്റെ ഈ പത്തരമാറ്റ് സ്വർണം. സംസ്ഥാന, ദേശീയ ടീമുകള്‍ക്കുവേണ്ടിയും കേരള പോലീസിനുവേണ്ടിയും ബാസ്കറ്റ് ബോള്‍ കളിച്ചിട്ടുള്ള തോമസ് മികച്ച അത്ലറ്റ് കൂടിയാണ്. 1993 ല്‍ സംസ്ഥാന സ്കൂള്‍ മീറ്റില്‍ പങ്കെടുക്കവേ ഡിസ്കസ്ത്രോയിലും ഷോട്ട്പുട്ടിലും തോമസ് കുറിച്ച് റിക്കാര്‍ഡ് ഇന്നും ആരും മറികടന്നിട്ടില്ല.
പരിക്കിന്റെ പിടിയിലായതിനാല്‍ രണ്ടു മാസക്കാലമായി കാര്യമായ പരിശീലനമില്ലാതെയാണ് ജുവല്‍ മത്സരത്തിനെത്തിയത്. എന്നിട്ടും രണ്ടു മീറ്റര്‍ ഉയരത്തില്‍ ചാടാനായി. കഴിഞ്ഞ വര്‍ഷം ദേശീയ സ്കൂള്‍ മീറ്റില്‍ ജൂണിയര്‍ വിഭാഗത്തില്‍ ജുവല്‍ കുറിച്ച 2.11 മീറ്ററാണ് ദേശീയ റിക്കാർഡ്.
ഹൈറേജ് സ്പോര്‍ട്സ് അക്കാഡമിയില്‍ കോച്ച് സന്തോഷ് ജോര്‍ജിന്റെ ശിക്ഷണത്തിലാണ് പരിശീലനം. ഖേലോ ഇന്ത്യയില്‍ വെങ്കലവും യൂത്ത് നാഷണല്‍ ലീഗില്‍ വെള്ളിയും ജൂണിയര്‍ സാഫ് മീറ്റില്‍ വെങ്കലവും ജൂവല്‍ സ്വന്തമാക്കിയിട്ടുണ്ട്. ജിത തോമസ് ആണ് അമ്മ. ജ്യേഷ്ഠ സഹോദരന് ജീവന് തോമസും ബാസ്കറ്റ്ബോള്‍ താരമാണ്.