മെഡൽ കിലുങ്ങട്ടെ, ഈ ഗുരുവിന്റെ ശിഷ്യഗണങ്ങൾക്ക്...
Monday, November 11, 2024 3:27 AM IST
കൊച്ചി: ജോലി ചെയ്തു ലഭിക്കുന്ന ചെറിയ വരുമാനം സ്വന്തം പോക്കറ്റിൽ സൂക്ഷിക്കാതെ കായിക താരങ്ങളെ വാർത്തെടുക്കാൻ ഉപയോഗിക്കുന്ന ഒരു കോച്ചുണ്ട്, 2024 കേരള സ്കൂൾ കായികമേളയിൽ; മുൻ അത്ലറ്റുകൂടിയായ റിജിൻ മാത്യു. റിജിനു പ്രതിഫലമായി പ്രതീക്ഷിക്കുന്നത് താൻ പരിശീലിപ്പിക്കുന്ന താരങ്ങളിൽനിന്നുള്ള മെഡല്‍ നേട്ടം മാത്രം.
ശാസ്ത്രീയ പരിശീലനം നല്കാന് കഴിവുണ്ടെങ്കിലും കൈവശം പണമില്ല. പക്ഷേ, റിജിന്‍ തന്നെ ജോലി ചെയ്തു ചെറിയ വരുമാനമുണ്ടാക്കി അത് മുഴുവന്‍ പുത്തന്‍ താരങ്ങളെ പരിശീലിപ്പിക്കാന്‍ വേണ്ടി വിനിയോഗിക്കുന്നു. ഈ ആത്മസമര്‍പ്പണത്തിനുള്ള ഗുരുദക്ഷിണയായിരുന്നു അമാനിക എന്ന ശിഷ്യയുടെ 100 മീറ്റർ വെങ്കലം.
കഷ്ടപ്പാടുകള്‍ കൂടപ്പിറപ്പായ, പത്തനംതിട്ട തോന്നിയാമല സ്വദേശി റിജിന്‍ മാത്യു ഒരുപറ്റം കായികതാരങ്ങള്‍ക്ക് ഊർജവും പ്രോൽസാഹനവുമാണിന്ന്. സ്കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന പത്തനംതിട്ട ജില്ലയ്ക്ക് ഇക്കുറി പോയിന്റു പട്ടികയില്‍ ഇടം നേടിക്കൊടുത്തത് റിജിന്റെ പരിശീലനത്തില്‍ മെഡല്‍ നേടിയ അടൂര്‍ സെന്റ് മേരീസ് എംഎംജിഎച്ച്എസ്എസിലെ എച്ച്. അമാനികയാണ്.
എംജി സര്‍വകലാശാല മുന്‍ അത്ലറ്റായ റിജിന്‍ തിരുവനന്തപുരം സായിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായശേഷമാണ് പരിശീലകന്റെ റോളിൽ ഇറങ്ങിയത്. പിഎസ്സിയില് ഉള്‍പ്പെടെയുള്ള ജോലി ആഗ്രഹിച്ചു കായിക പരിശീലനത്തിനായി വരുന്നവരില്‍ നിന്നും ലഭിക്കുന്ന തുകയാണ് റിജിൻ പുതിയ താരങ്ങളെ വാർത്തെടുക്കാൻ ഉപയോഗിക്കുന്നത്. പട്ടാളത്തിലേക്കും മറ്റു സര്‍ക്കാര്‍ സര്‍വീസുകളിലേക്കും പ്രവേശനത്തിന്റെ ഭാഗമായുള്ള ഫിസിക്കല്‍ ടെസ്റ്റിനു മുന്നോടിയായി ഉദ്യോഗാര്‍ഥികള്‍ക്കും കായിക പരിശീലനം നല്‍കുന്നുണ്ട്.
ആരവമൊന്നുമില്ലാതെ തന്റെ തുച്ഛമായ വരുമാനം ഉപയോഗിച്ച് പത്തനംതിട്ട മുനിസിപ്പല്‍ മൈതാനിയില്‍ മികച്ച പരിശീലനം നൽകി ഒരു പറ്റം പുത്തന്‍ കായികപ്രതിഭകളെയാണ് റിജിൻ മലയാള നാടിനു സമ്മാനിക്കുന്നത്. ഇന്ന് നടക്കുന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററിൽ അമാനികയിലൂടെ മറ്റൊരു മെഡൽ നേട്ടം സ്വപ്നം കാണുകയാണ് റിജിൻ.