യുഎസ് വിപണികൾ കൂപ്പുകുത്തി
Sunday, April 6, 2025 12:40 AM IST
ന്യൂയോർക്ക്: യുഎസ് ഉത്പന്നങ്ങൾക്ക് ചൈന പുതിയ തീരുവ ചുമത്തിയതിനെത്തുടർന്ന് യുഎസ് ഓഹരി വിപണിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ രണ്ടു ദിവസം വിപണി തകർച്ചയിലാണ്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചില രാജ്യങ്ങൾക്കേർപ്പെടുത്തിയ തീരുവ ചുമത്തൽ ആഗോള വ്യാപാര യുദ്ധത്തിനും സാന്പത്തിക മാന്ദ്യത്തിനും വഴയൊരുക്കുമെന്ന ആശങ്കയിലാണ് ലോകം. ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ച പകരം തീരുവ ആഗോള ഓഹരി വിപണിയെ മുഴുവൻ ബാധിച്ചു. എസ് ആൻഡ്പി കന്പനികളുടെ ഓഹരി വിപണി മൂല്യത്തിൽ വെള്ളിയാഴ്ച അഞ്ചു ട്രില്യണിന്റെ നഷ്ടമാണുണ്ടായത്. ക്രൂഡ് ഓയിൽ വില ഇടിയുകയും ചെയ്തു.
2020 മാർച്ചിൽ കോവിഡ് മഹാമാരി കാലത്തിന്റെ ആദ്യ ദിവസങ്ങൾക്കുശേഷമുള്ള ഏറ്റവും വലിയ പ്രതിവാര തകർച്ചയാണ് യുഎസിലെ പ്രധാന ഓഹരി വിപണികൾ നേരിട്ടത്.
വെള്ളിയാഴ്ച ഡൗ ജോണ്സ് 2231.07 പോയിന്റ് (5.5%) ഇടിഞ്ഞ് 38,314.86ലാണ് ക്ലോസ് ചെയ്തത്. 2020 ജൂണിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ്. വ്യാഴാഴ്ച 1,679 പോയിന്റ് ഇടിഞ്ഞിരുന്നു. തുടർച്ചയായ രണ്ടു ദിവസം 1500 പോയിന്റിൽ കൂടുതൽ ഇടിയുന്നത് ആദ്യമായാണ്.
എസ് ആൻഡ് പി 5.97 ശതമാനം തകർന്ന് 5,074.08 പോയിന്റിൽ വ്യാപാരം പൂർത്തിയാക്കി. 2020 മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ്. വ്യാഴാഴ്ച 4.84 ശതമാനമാണ് നഷ്ടമുണ്ടായത്. എസ് ആൻഡ് പി സമീപകാലത്തെ ഉയർന്ന നിരക്കിൽനിന്ന് 17 ശതമാനത്തിലധികമാണ് തകർന്നത്.
കോവിഡ് മഹാമാരി ആഗോള സന്പദ്വ്യവസ്ഥയെ ലോക്ക്ഡൗണിലേക്ക് തള്ളിവിട്ട 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും വലിയ രണ്ട് ദിവസത്തെ ഇടിവാണ് കഴിഞ്ഞ രണ്ട് സെഷനുകളിലായി എസ് ആൻഡ് പി 500നുണ്ടായത്.
ടെക് കന്പനികളുടെ നാസ്ദാക് ഓഹരികൾ 5.8 ശതമാനം തകർന്ന് 15,587.79 പോയിന്റിലാണ് എത്തിയത്. വ്യാഴാഴ്ച ഏകദേശം ആറു ശതമാനം ഇടിവാണുണ്ടായത്. ഫെബ്രുവരിയിലെ ഉയർന്ന നിരക്കിൽനിന്ന് 20 ശതമാനം തകർച്ചയാണുണ്ടായിരിക്കുന്നത്.
യുഎസിൽനിന്നുള്ള എല്ല ഉത്പന്നങ്ങൾക്കും ചൈന 34 ശതമാനം ചുങ്കം പ്രഖ്യാപിച്ചതോടെ നിക്ഷേപകർ ജാഗ്രതയിലാണ്. ഇത് വിൽപ്പന സമ്മർദം ഉയർത്തി.
ഐടി ഓഹരികളാണ് വെള്ളിയാഴ്ച പ്രധാനമായും നഷ്ടത്തിലായത്. ഐഫോണ് നിർമാതാക്കളായ ആപ്പിളിന്റെ ഓഹരികൾ ഏഴു ശതമാനം ഇടിഞ്ഞു. ഈ ആഴ്ചയിലെ നഷ്ടം 13 ശതമാനമായി. എൻവിഡിയയുടെ ഓഹരികളിൽ ഏഴു ശതമാനവും ടെസ്ലയുടെ ഓഹരികളിൽ 10 ശതമാനവും നഷ്ടമുണ്ടായി.
ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്
ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച ഏഴു ശതമാനം ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 5.55 ഡോളർ കുറഞ്ഞ് 64.59 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസിന്റെ വെസ്റ്റ് ടെക്സസ് ഇന്റമീഡിയറ്റ് ക്രൂഡ് 5.87 ഡോളർ നഷ്ടത്തിൽ ബാരലിന് 61 ഡോളറിലെത്തി. 2021 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
യുഎസിന്റെ പുതിയ താരിഫുകളും ചൈനയുടെ യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കേർപ്പെടുത്തിയ തീരുവയും ഒപെക് രാജ്യങ്ങൾ പ്രഖ്യാപിച്ച ഉത്പാദന വർധനകളും ഇതിന് കാരണമായി.
അടിസ്ഥാന തീരുവ യുഎസ് ഈടാക്കിത്തുടങ്ങി
വാഷിംഗ്ടൺ: പല രാജ്യങ്ങളിൽനിന്നും എല്ലാ ഇറക്കുമതികൾക്കും യുഎസ് ഗവൺമെന്റ് ഏർപ്പെടുത്തിയ അടിസ്ഥാന തീരുവ 10 ശതമാനം യുഎസ് കസ്റ്റംസ് ഏജന്റുമാർ ഇന്നലെ ഈടാക്കാൻ തുടങ്ങി. ഉയർന്ന തീരുവകൾ അടുത്തയാഴ്ച നിലവിൽ വരും. ഓസ്ട്രേലിയ, ബ്രിട്ടൻ, സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾക്ക് ഉടനടി 10 ശതമാനം തീരുവ നേരിടേണ്ടിവരും.
യുഎസ് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, കസ്റ്റംസ് വെയർഹൗസുകൾ എന്നിവടങ്ങളിൽ യുഎസ് സമയം 12.01 മുതൽ അടിസ്ഥാന തീരുവ ഈടാക്കൽ പ്രാബല്യത്തിൽ വന്നു. രണ്ടാം ലോക മഹായുദ്ധാനന്തരം പരസ്പരസമ്മതത്തോടെയുള്ള തീരുവ നിരക്കുകൾ ട്രംപ് പൂർണമായും തള്ളിക്കളഞ്ഞു.