ഇന്ത്യൻ ടെലികോം കന്പനികൾക്ക് സ്റ്റാർലിങ്ക് ഭീഷണിയാകില്ല: ജെഎം ഫിനാൻഷ്യൽ റിപ്പോർട്ട്
Saturday, March 15, 2025 11:51 PM IST
സീനോ സാജു
ന്യൂഡൽഹി: ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകുന്ന സ്റ്റാർലിങ്ക് ഇന്ത്യൻ ടെലികോം കന്പനികൾക്കു ഭീഷണിയായേക്കില്ലെന്നു റിപ്പോർട്ട്. ഇന്ത്യൻ ടെലികോം കന്പനികളുടെ കുറഞ്ഞ ഡാറ്റ നിരക്ക്, ഡാറ്റ വേഗം, പരിധിയില്ലാത്ത ഡാറ്റ എന്നീ സേവനങ്ങൾ നൽകാൻ ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് കഴിഞ്ഞേക്കില്ലെന്നു രാജ്യത്തെ പ്രമുഖ ഫിനാൻഷ്യൽ സർവീസസ് കന്പനിയായ ജെഎം ഫിനാൻഷ്യലിന്റെ റിപ്പോർട്ടിൽ പറയുന്നു.
ആഗോളതലത്തിൽ സ്റ്റാർലിങ്ക് നൽകുന്ന ഇന്റർനെറ്റ് സേവനത്തിന് പ്രതിമാസം 10 മുതൽ 500 വരെ അമേരിക്കൻ ഡോളറാണ് ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്. ഇതിനുപുറമെ സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കുന്നതിനായുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി ഒറ്റത്തവണയായി 250 മുതൽ 380 അമേരിക്കൻ ഡോളർ വരെയും നൽകേണ്ടിവരുന്നു.
എന്നാൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിനായി ഇന്ത്യൻ ടെലികോം കന്പനികൾ പ്രതിമാസം 5 മുതൽ 12 വരെ ഡോളർ മാത്രമാണ് ഈടാക്കുന്നത്. ഇത്തരം ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾക്ക് സെക്കൻഡിൽ ഒരു ജിബി വേഗം ലഭിക്കുന്നതിനുപുറമെ പ്രതിമാസം ഏകദേശം 47 ഡോളർ മുടക്കിയാൽ സ്ട്രീമിംഗ് സേവനങ്ങൾ ലഭ്യമാകുകയും ചെയ്യും. ഇതിനു പുറമെ സ്റ്റാർലിങ്ക് നൽകുന്ന ഡാറ്റയ്ക്ക് പരിധിയുണ്ടെങ്കിലും ജിയോയും എയർടെലും അടങ്ങുന്ന ടെലികോം കന്പനികൾ ഡാറ്റയിൽ പരിധിയും വച്ചിട്ടില്ല.
വിലയിൽ അമിതപ്രാധാന്യം നൽകുന്ന ഇന്ത്യൻ ടെലികോം വ്യാപാരത്തിൽ അതുകൊണ്ടുതന്നെ സ്റ്റാർലിങ്കിന് പിടിമുറുക്കാൻ കഴിഞ്ഞേക്കില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനാൽത്തന്നെ രാജ്യത്തെ ഫൈബർ, ബ്രോഡ്ബാൻഡ് സേവനങ്ങളോടു നേരിട്ട് ഏറ്റുമുട്ടാതെ തങ്ങളുടെ സവിശേഷമായ സേവനം ലഭ്യമാക്കുന്നതിലായിരിക്കും സ്റ്റാർലിങ്ക് ഇന്ത്യൻ വ്യാപാരത്തിൽ ശ്രദ്ധയൂന്നുക.
ഉപഗ്രഹസേവനത്തിലൂടെ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനാൽ കടലിന് നടുവിലും പർവതങ്ങൾക്കു മുകളിലും തുടങ്ങി മറ്റു നെറ്റ്വർക്കുകൾക്ക് കടന്നുപോകാൻ സാധിക്കാത്ത സ്ഥലങ്ങളിൽ വരെ സ്റ്റാർലിങ്കിന് ഡാറ്റ സേവനം ലഭ്യമാക്കാൻ സാധിക്കും.
സ്റ്റാർലിങ്ക് ഇന്ത്യയിലേക്കെത്തിക്കാൻ ജിയോയും എയർടെലും സ്പേസ് എക്സുമായി ധാരണയിലെത്തിയെന്ന് കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. നിലവിലെ കരാർ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ വിതരണത്തിലാണു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മൊബൈൽ ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന ഡയറക്ട്-ടു-സെൽ സാറ്റലൈറ്റ് സേവനത്തിൽ ജിയോയും എയർടെലും സ്റ്റാർലിങ്കും ഭാവിയിൽ കൈകോർത്തേക്കാം.
നിലവിലെ കരാറിലൂടെ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ വില്പന മുഖേന വരുമാനം കണ്ടെത്താനാണ് ജിയോയും എയർടെലും ശ്രമിക്കുന്നത്. എങ്കിലും ഇരുകന്പനികൾക്കും തങ്ങളുടേതായ ഉപഗ്രഹ ബ്രോഡ്ബാൻഡ് കന്പനികളുണ്ട്. ഈ കന്പനികൾ കേന്ദ്രത്തിന്റെ അംഗീകാരം നേടാനുള്ള അവസാനഘട്ടത്തിലുമാണ്.
അതിനാൽത്തന്നെ ലോകത്തിന്റെ ഏതു മൂലയിലും ഇന്റർനെറ്റ് എത്തിക്കാനുള്ള സ്റ്റാർലിങ്കിന്റെ കഴിവുകൾ ഉപയോഗിച്ച് ഗ്രാമങ്ങളടക്കമുള്ള കൂടുതൽ പ്രദേശങ്ങളിലേക്ക് കണക്ടിവിറ്റി വികസിപ്പിക്കാനായിരിക്കും ജിയോയുടെയും എയർടെലിന്റെയും ശ്രമം.
അതിനിടെ, ക്രമാസമാധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ വരുന്പോൾ സ്റ്റാർലിങ്കിന്റെ സേവനം നിയന്ത്രിക്കാനുള്ള അധികാരം ആർക്കാണെന്ന് കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനമുയർത്തുന്നതിനിടയിൽ സ്റ്റാർലിങ്കിനോട് ഇന്ത്യയിൽ കൺട്രോൾ സെന്റർ സ്ഥാപിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രമസമാധാനത്തെ ബാധിക്കുന്ന അക്രമങ്ങളും കലാപങ്ങളുമൊക്കെ ഉണ്ടാകുന്പോൾ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാനും വിനിമയ സേവനങ്ങൾ പ്രവർത്തനരഹിതമാക്കാനും കൺട്രോൾ സെന്ററുകൾ സ്ഥാപിക്കുന്നതിലൂടെ കഴിയും.