പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെന്റിൽ
Wednesday, February 12, 2025 11:21 PM IST
ന്യൂഡൽഹി: ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പുതിയ ആദായ നികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ഏറ്റവും ചുരുക്കി ലളിതമായാണ് ബിൽ തയാറാക്കിയിരിക്കുന്നത്. ആദായനികുതി ബിൽ 2025 ആകെ 23 അധ്യായങ്ങളും 622 പേജുകളും 536 വകുപ്പുകളുമാണുള്ളത്. നിലവിലെ ആദായ നികുതി ആക്ട് 1961 ലഘൂകരിക്കാനാണ് പുതിയ ആദായ നികുതി ബിൽ ലക്ഷ്യമിടുന്നത്.
ആറ് പതിറ്റാണ്ട് പഴക്കമുള്ള നിയമനിർമാണത്തിൽ 298 വകുപ്പുകളും 14 ഷെഡ്യൂളുകളുമുണ്ട്. അന്ന് നിയമം അവതരിപ്പിക്കുന്പോൾ ഇതിന് 880 പേജുകളുണ്ടായിരുന്നു.
ആദായനികുതി നിയമങ്ങൾ മനസിലാക്കാനും വ്യവഹാരങ്ങൾ കുറയ്ക്കാനും സാധാരണക്കാർക്കു മനസിലാക്കാനുമാകുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നത്.
നിലവിലെ ആദായ നികുതിനിയമം 1961ൽ നിലവിൽ വന്നശേഷം 66 ബജറ്റുകളിൽ (രണ്ടു ഇടക്കാല ബജറ്റുകൾ ഉൾപ്പെടെ) മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ന് ബിൽ അവതരിപ്പിച്ച് പാസാക്കിയെടുത്താൻ 2026 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിലാകും.
1961ലെ ആദായ നികുതി നിയമത്തിൽ പറയുന്ന ’മുൻവർഷം’ പുതിയ ബില്ലിൽ ’നികുതി വർഷം’ ആയിരിക്കും. അസസ്മെന്റ് ഇയർ എന്ന പദപ്രയോഗം തന്നെ ഇല്ലാതാവും. മുൻവർഷത്തെ വരുമാനത്തിന് അസസ്മെന്റ് ഇയറിൽ നികുതി പൂർണമായി കണക്കാക്കി അടച്ചു തീർക്കുന്നതാണ് ഇപ്പോഴത്തെ രീതി. ഉദാഹരണത്തിന് 2024-25 (മുൻവർഷം)ലെ നികുതി 2025-26 (അസസ്മെന്റ് ഇയർ)ൽ അടയ്ക്കുന്നു.
മുൻവർഷം, അസസ്മെന്റ് വർഷം എന്നീ രീതികൾ പുതിയ ബില്ലിൽ മാറുകയാണ്. പകരം ’ടാക്സ് ഇയർ’ എന്നതു മാത്രമാണ് ഉണ്ടാവുക. പുതിയ ബില്ലിൽ, നികുതി വർഷം എന്നത് വരുമാനം നേടുന്നതു മുതൽ നികുതി അടയ്ക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട കാലയളവിനെ സൂചിപ്പിക്കുന്നു.
ഇന്ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചാൽ, കൂടുതൽ ചർച്ചകൾക്കായി ബിൽ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയയ്ക്കും.
ആദായനികുതി ബിൽ 2025ൽ 536 വകുപ്പുകളാണുള്ളത്. 1961ലെ ആദായനികുതി നിയമത്തിലെ 298 വകുപ്പുകളേക്കാൾ കൂടുതലാണ്. നിലവിലുള്ള നിയമത്തിന് 14 ഷെഡ്യൂളുകൾ ഉണ്ട്, അത് പുതിയ നിയമനിർമാണത്തിൽ 16 ആയി വർധിക്കും. അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിർത്തി.
പുതിയ ആദായ നികുതി ബിൽ പ്രകാരം, പ്രത്യക്ഷനികുതി ബോർഡിന് ക്ലോസ് 533 അനുസരിച്ച്, പതിവ് നിയമനിർമാണ ഭേദഗതികൾ ആവശ്യമില്ലാതെ ഇനി പുതിയ പദ്ധതികൾ സ്വതന്ത്രമായി ഏർപ്പെടുത്താൻ അധികാരമുണ്ടാവും.
നികുതി അഡ്മിനിസ്ട്രേഷൻ നിയമങ്ങൾ രൂപപ്പെടുത്താനും നികുതി സ്കീമുകൾ അവതരിപ്പിക്കാനും ഡിജിറ്റൽ ടാക്സ് മോണിറ്ററിംഗ് സംവിധാനങ്ങൾ നടപ്പിലാക്കാനും അധികാരം നൽകിയിട്ടുണ്ട്.