മുത്തൂറ്റ് ഫിനാൻസ് അറ്റാദായത്തിൽ 19 ശതമാനം വര്‍ധന
Wednesday, February 12, 2025 11:21 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വര്‍ധനവോടെ 3,908 കോടി രൂപയിലെത്തി.
കന്പനി കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 34 ശതമാനം വര്‍ധനവോടെ 1,11,308 കോടി രൂപയിലെത്തിയതായും ആദ്യ ഒന്‍പതു മാസങ്ങളിലെ പ്രവര്‍ത്തനഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാം ത്രൈമാസത്തിലെ സംയോജിത വായ്പാ ആസ്തികള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ഏഴു ശതമാനം വര്‍ധനവോടെ 7,159 കോടി രൂപയിലെത്തി. മൂന്നാം ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനം വര്‍ധനവോടെ 1,392 കോടി രൂപയിലുമെത്തി. സംയോജിത വായ്പാ ആസ്തികള്‍ 1,11,000 എന്ന മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ 97,000 കോടി രൂപയും മറികടന്നു. സബ്സിഡിയറികളുടെ സംഭാവന 14 ശതമാനമാണ്. 2025 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളിലെ സംയോജിത അറ്റാദായം 19 ശതമാനം വര്‍ധിച്ച് 3,908 കോടി രൂപയിലും എത്തിയിട്ടുണ്ട്.
സ്വര്‍ണപ്പണയ മേഖലയില്‍ 29 ശതമാനം വളര്‍ച്ചയോടെ മുത്തൂറ്റ് ഫിനാന്‍സ് മാത്രം കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികളില്‍ 26,305 കോടി രൂപയുടെ ഗണ്യമായ വളര്‍ച്ച കൈവരിക്കാനായതായി മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒന്‍പത് മാസങ്ങളില്‍ സ്വര്‍ണപ്പണയ വായ്പകള്‍ 29 ശതമാനം വളര്‍ച്ചയോടെ 21,660 കോടി രൂപയുടെ വളര്‍ച്ചയാണു നേടിയതെന്നും അധികൃതർ പറഞ്ഞു.