ക്ഷേമ പദ്ധതികൾ തൊഴിലാളികളെ കംഫർട്ട് സോണിൽ നിർത്തുന്നു: എസ്.എൻ. സുബ്രഹ്മണ്യൻ
Wednesday, February 12, 2025 11:21 PM IST
ന്യൂഡൽഹി: ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന പരാമർശത്തിന് പിന്നാലെ വീണ്ടും ശ്രദ്ധ ക്ഷണിക്കുന്ന പ്രസ്താവനയുമായി എൽ ആൻഡ് ടി ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ.
സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ കാരണം സ്വന്തം സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോയി ജോലി ചെയ്യാൻ തൊഴിലാളികൾ വിമുഖത കാണിക്കുന്നു എന്ന സുബ്രഹ്മണ്യന്റെ പരാമർശമാണ് അടുത്ത ചർച്ചയ്ക്ക് വഴിതെളിച്ചത്.
ചെന്നൈയിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ മിസ്റ്റിക് സൗത്ത് ഗ്ലോബൽ ലിങ്കേജ് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് സുബ്രഹ്മണ്യൻ ഇന്ത്യക്കാരുടെ തൊഴിൽ സംസ്കാരത്തെ വിമർശിച്ചത്.
നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടാണ്. കാരണം കംഫോർട്ട് സോണിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നതിനാൽ അവർ സ്വന്തം നാട്ടിൽ നിന്ന് യാത്ര ചെയ്യാൻ മടിക്കുന്നു.
ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ, ജൻ ധൻ അക്കൗണ്ടുകൾ തുടങ്ങിയ സ്കീമുകൾ തൊഴിലാളി സമാഹരണത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുടിയേറ്റം ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ്. എൽ ആൻഡ് ടിയിൽ നാല് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, തൊഴിലാളിക്ഷാമം കാരണം കന്പനിക്ക് പ്രതിവർഷം 16 ലക്ഷത്തോളം തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടി വരുന്നുണ്ടെന്ന് സുബ്രഹ്മണ്യൻ വിശദീകരിച്ചു. ഇന്ത്യയിൽ ശന്പള പരിഷ്കരണത്തിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.