യുപിഐ ഇടപാടിൽ ഫോൺപേ മുന്നിൽ
Wednesday, February 12, 2025 11:21 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: പുതുവർഷത്തിന്റെ ആദ്യമാസത്തിൽ യുപിഐ ഇടപാടുകളിൽ ഫോൺപേ മുന്നിൽ. ജനുവരിയിലെ കണക്കുകളിൽ ആകെ യുപിഐ ഇടപാടുകളുടെ 48 ശതമാനത്തിൽ അധികവും ഫോൺ പേ വഴിയായിരുന്നു.
തൊട്ടു പിന്നിൽ ഗൂഗിൾ പേ ആണ്. അവർ മുഖാന്തിരം ജനുവരിയിൽ 36.91 ശതമാനം ഇടപാടുകൾ നടന്നു.അതേസമയം, പേടിഎം വഴിയുള്ള ഇടപാടുകളിൽ ഗണ്യമായ കുറവുണ്ടായി. ജനുവരിയിൽ പേടിഎം വഴി നടന്ന ഇടപാടുകൾ 6.87 ശതമാനമാണ്.
2024 ഡിസംബറിൽ പേടിഎം വഴി 6.97 ശതമാനവും നവംബറിൽ 7.03 ശതമാനവും ഇടപാടുകളാണ് നടന്നത്.
ഫിൻടെക് ഭീമനായ ഫോൺപേ 2025 ജനുവരിയിൽ നടത്തിയ ഇടപാടുകളുടെ എണ്ണം 810.2 കോടിയാണ്. 2024 ഡിസംബറിൽ ഇവർ നടത്തിയ 798.4 കോടി ഇടപാടുകളേക്കാൾ 1.5 ശതമാനം കൂടുതലാണിത്.
രണ്ടാം സ്ഥാനത്തുള്ള ഗൂഗിൾ പേ ജനുവരിയിൽ 618.3 കോടി ഇടപാടുകൾ ആണ് നടത്തിയത്.ഇത് 2024 ഡിസംബറിലെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ 0.65 ശതമാനം കൂടുതലാണ്. ഫോൺപേ വഴി പ്രോസസ് ചെയ്ത ഇടപാടുകളുടെ ആകെ മൂല്യം 2025 ജനുവരിയിൽ 11.91 ലക്ഷം കോടി രൂപയാണ്. 2024 ഡിസംബറിൽ ഇത് 11.76 ലക്ഷം കോടി രൂപയായിരുന്നു.
ഈ ജനുവരിയിൽ രാജ്യത്തെ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 1,699 കോടിയാണ്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഇക്കാലയളവിൽ ആകെ ഇടപാടുകളുടെ മൂല്യം 23.84 ലക്ഷം കോടി രൂപയുമായി.