മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ പ്രവര്‍ത്തന ലാഭം 103.83 കോടി
Wednesday, February 12, 2025 11:21 PM IST
കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്റെ (യെല്ലോ മുത്തൂറ്റ്) കഴിഞ്ഞ ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.
നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളിലെ നികുതിക്കു മുമ്പുള്ള ലാഭം 20.5 ശതമാനം വര്‍ധിച്ച് 103.83 കോടി രൂപയിലും അറ്റാദായം 24.35 ശതമാനം വര്‍ധിച്ച് 74.66 കോടി രൂപയിലുമെത്തി. മുൻപാദത്തില്‍ യഥാക്രമം 86.18 കോടിയും 60.04 കോടിയുമായിരുന്നു.
ഡിസംബര്‍ 31ലെ കണക്കുപ്രകാരം കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ശക്തമായ നില രേഖപ്പെടുത്തിയ കമ്പനി ആകെ 3,816 കോടി രൂപയുടെ വായ്പകളാണു കൈകാര്യം ചെയ്തത്. ഈ കാലയളവില്‍ നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ 0.77 ശതമാനമായി കുറച്ച് കമ്പനിയുടെ ആസ്തി നിലവാരത്തില്‍ മികച്ച പ്രകടനം നിലനിര്‍ത്തി.
സുസ്ഥിര വളര്‍ച്ചയുടേതായ മറ്റൊരു പാദ പ്രവര്‍ത്തനഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.