തിരിച്ചുകയറി വിപണി
Thursday, January 23, 2025 12:35 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ ചൊവ്വാഴ്ച ഉണ്ടായ കനത്ത ഇടിവിനുശേഷം ഇന്നലെ നേട്ടംകൊയ്ത് വിപണികൾ. നിഫ്റ്റി 130 പോയിന്റ് നേട്ടത്തോടെ 23155 പോയിന്റിലും സെൻസെക്സ് 566 പോയിന്റ് മുന്നേറി 76404.99 പോയിന്റിലും ക്ലോസ് ചെയ്തു.
ഉൗർജം, മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ നഷ്ടത്തിലായി. ഐടി സൂചികകൾ രണ്ടു ശതമാനം നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യുഎസിൽ എഐ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന് സ്വകാര്യമേഖയിൽ 5000 കോടി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം ഇന്ത്യൻ ഐടി മേഖലയെ സ്വാധീനിച്ചു.
നിഫ്റ്റി മിഡ് കാപ് 100, സ്മോൾ കാപ് 100 സൂചികകൾ മോശമായിരുന്നു. മിഡ്കാപ് 1.3 ശതമാനവും സ്മോൾ കാപ് 1.6 ശതമാനവുമാണ് ഇടിഞ്ഞത്.
സെൻസെക്സിൽ 2802 ഓഹരികൾ താഴ്ന്നപ്പോൾ 1142 ഓഹരികൾ നേട്ടമുണ്ടാക്കി. സെൻസെക്സിൽ ഇൻഫോസിസ്, ടാറ്റ കൺസൾട്ടന്സി സർവീസസ്, ടെക് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽസ്, ബജാജ് ഫിൻസെർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡ്സ് ഇൻഡ് ബാങ്ക്, കോടക് മഹീന്ദ്ര എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയവർ. ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ്, അക്സിസ് ബാങ്ക്, എസ്ബിഐ, എൻടിപിസി, ടാറ്റ സ്റ്റീൽ, അദാനി പോർട്ട് എന്നിവയുടെ ഓഹരികൾ ഇടിഞ്ഞു.
ആഗോള വിപണികളും പോസിറ്റിവ്
യൂറോപ്യൻ മാർക്കറ്റുകൾ ഏഷ്യയിലെ ടോക്കിയോ, സിയൂൾ മാർക്കറ്റുകളിലും നേട്ടത്തോടെയാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. യുഎസ് മാർക്കറ്റും നേട്ടത്തിലാണ്.
നിഫ്റ്റി റിയൽറ്റിക്ക് ഇന്നലെ നാലു ശതമാനത്തിലേറെ ഇടിവാണ് നേടിട്ടത്.
രൂപയ്ക്കു നേട്ടം
അമേരിക്കൻ ഡോളറിനെതിരേ 25 പൈസ നേട്ടത്തോടെ രൂപയുടെ മൂല്യം 86.33 എന്ന നിലയിൽ ഉയർന്നു. ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ നേട്ടവും ഡോളർ സൂചിക മന്ദഗതിയിലായതും രൂപയ്ക്കു നേട്ടമായി.
വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ 86.30ലേക്കു ഉയർന്ന് രൂപ 86.71ലേക്കു താഴ്ന്നു. അവസാനം 25 പൈസ നേട്ടത്തോടെ ക്ലോസ് ചെയ്തു.