ഇവികൾക്ക് സബ്സിഡി അവസാനിപ്പിച്ചേക്കും
Sunday, January 5, 2025 12:04 AM IST
ന്യൂഡൽഹി: നിലവിലെ സബ്സിഡി കാലാവധിക്കുശേഷം ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) സബ്സിഡി നൽകുന്ന രീതി അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ.
നിലവിലെ ആനുകൂല്യത്തിന്റെ കാലാവധി അവസാനിച്ചശേഷം ഇനി സബ്സിഡി ആവശ്യമില്ലെന്ന് ഇവി നിർമാതാക്കൾ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടതായി വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
രാജ്യത്തെ ഇലക്ട്രിക് വിപണി കുതിപ്പിന് സജ്ജമാണ്, നിലവിലുള്ള സബ്സിഡി ഇതിനു പര്യാപ്തമാണ്. അതുകൊണ്ട് പുതിയ സബ്സിഡി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്പ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് 2024 ഒക്ടോബർ 1 മുതൽ ന്ധപിഎം ഇഡ്രൈവ്’ എന്ന പദ്ധതി പ്രകാരമാണ് സബ്സിഡി നൽകുന്നത്. 2026 മാർച്ച് 31 വരെയാണ് ഇതിന്റെ കാലാവധി. ഇതിനു ശേഷം കേന്ദ്ര സബ്സിഡി തുടരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2015ലാണ് “ഫെയിം’ എന്ന പേരിൽ 2 ഘട്ടങ്ങളായി സബ്സിഡി അനുവദിച്ചിരുന്നത്. ഇതിന്റെ മൂന്നാം പതിപ്പാണ് പിഎം ഇഡ്രൈവ്. ഇവി ടൂ വീലറുകൾ, ത്രീ വീലറുകൾ, ആംബുലൻസുകൾ, ട്രക്കുകൾ തുടങ്ങിയവ വാങ്ങുന്പോൾ പദ്ധതിയുടെ ഭാഗമായി സബ്സിഡി ലഭിക്കും. കൂടാതെ ഇ ബസുകൾ വാങ്ങുന്നതിനും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനും സബ്സിഡി ലഭിക്കും.
മൂന്നാം ഘട്ടത്തിൽ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു. പിഎം ഇഡ്രൈവിൽ സബ്സിഡിക്കായി നീക്കിവച്ചിരിക്കുന്ന തുകയിലും കുറവ് വരുത്തിയിരുന്നു. ഇവി നിർമാതാക്കൾക്ക് ഇനി സബ്സിഡി നൽകേണ്ടതില്ലെന്ന് സെപ്റ്റംബറിൽ ഗഡ്കരി പറഞ്ഞത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ബാറ്ററി സ്വാപ്പിംഗ് വേണോ എന്ന കാര്യത്തിൽ കന്പനികൾക്കും ഉപഭോക്താക്കൾക്കും തീരുമാനം വിട്ടുകൊടുക്കുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗോയൽ പറഞ്ഞു.