ഒറ്റ ചാർജിൽ 473 കിലോമീറ്റർ
Saturday, January 4, 2025 1:25 AM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
ഈ മാസം 17-ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ അവതരിപ്പിക്കുന്ന ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പിന്റെ മോഡൽ പുറത്തുവിട്ട് ഹ്യുണ്ടായ് ഇന്ത്യ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്.
ഹ്യുണ്ടായിയുടെ ആദ്യത്തെ പ്രാദേശികവത്കരിച്ച ഇലക്ട്രിക് എസ്്യുവിയും മൂന്നാമത്തെ ഇലക്ട്രിക് മോഡലുമാണ് ക്രെറ്റ ഇവി. മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ്, എംജി ഇസഡ്എസ് ഇവി, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്നിവരാണ് പ്രധാന എതിരാളികൾ. 20 ലക്ഷം രൂപ (എക്സ് ഷോറൂം) വില വരുമെന്നാണ് കന്പനി നൽകുന്ന സൂചന.
ബാറ്ററിക്കരുത്ത്
വാഹനത്തിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്. 42 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതില്‍ ഒന്നാമത്തെത്. ഒറ്റ ചാര്‍ജിംഗില്‍ 390 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്ക് വരുന്ന മോഡലിന് 473 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ 10% ൽ നിന്ന് 80% വരെ ചാര്‍ജ് ചെയ്യാം. 11 കിലോവാട്ട് സ്മാര്‍ട് കണക്ടഡ് വാള് ബോക്സ് എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 10ൽ നിന്ന് 100 ശതമാനം ചാര്‍ജാകാന്‍ വേണ്ടത് വെറും നാല് മണിക്കൂർ മാത്രമാണ്. 51.4 കിലോവാട്ടിന്റെ ബാറ്ററി പാക്കുള്ള മോഡലിന് 7.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ കഴിയും.
ഉള്‍ക്കാഴ്ച
അയോണിക്-5ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഉള്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്മെന്റ് സിസ്റ്റവും, പുതിയ സോഫ്റ്റ്വേര്‍ ഫീച്ചറുകളും പരിഷ്ക്കരിച്ച സൗണ്ട് സിസ്റ്റവും സവിശേഷതകളാണ്. മൂന്ന് സ്പോക് സ്റ്റിയറിംഗ് വീല്‍, ഷിഫ്റ്റ്-ബൈ-വയര്‍ സംവിധാനം, ഡിജിറ്റല്‍ കീ, ലെവല്‍ 2 അഡാസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സംവിധാനം, 360 ഡിഗ്രി കാമറ എന്നിങ്ങനെ ഫീച്ചറുകൾ നീളും.
ക്രെറ്റ ഇവിയില്‍ വെഹിക്കിള്‍ ടു ലോഡ് (V2L) സാങ്കേതികവിദ്യയുണ്ട്. ഇത് ഉപയോഗിച്ച് വാഹനത്തിനുള്ളിലും പുറത്തുമുള്ള ഉപകരണങ്ങള്‍ക്ക് പവര്‍ നല്‍കാം. ഐ-പെഡല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്സിലറേറ്റര്‍ പെഡല്‍ മാത്രം ഉപയോഗിച്ച് വാഹനം ഓടിക്കാനും വേഗത കുറയ്ക്കാനും പൂര്‍ണമായും നിര്‍ത്താനും കഴിയും.
പുറംകാഴ്ച
ക്രെറ്റ ഇവിയുടെ രൂപകല്‍പ്പന ഐസിഇ പതിപ്പിന് സമാനമാണ്. മുന്‍വശത്തും പിന്‍വശത്തും ഇവിക്ക് മാത്രമായ ചില മാറ്റങ്ങളുണ്ട്. പിക്സലേറ്റഡ് ഗ്രാഫിക് ഫ്രണ്ട് ഗ്രില്‍, ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ട്, പിക്സലേറ്റഡ് ഗ്രാഫിക് ലോവര്‍ ബമ്പര്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്.
വാഹനത്തിന്റെ എയ്റോഡൈനാമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ആക്റ്റീവ് എയര്‍ ഫ്ലാപ്പുകളും കുറഞ്ഞ റോളിംഗ് റെസിസ്റ്റന്‍സ് ടയറുകളുള്ള പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകളും ക്രെറ്റ ഇവിയിലുണ്ട്.
നിറക്കൂട്ടുകൾ
എക്സിക്യൂട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്സലന്‍സ് എന്നീ നാലു വേരിയന്റുകളിലാണ് വാഹനം നിരത്തില്‍ ഇറങ്ങുക. മൂന്ന് മാറ്റ് നിറങ്ങള്‍ ഉള്‍പ്പെടെ എട്ട് മോണോടോണുകളും രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും ഉണ്ട്. ഓഷ്യന്‍ ബ്ലൂ മെറ്റാലിക് വിത്ത് ബ്ലാക്ക് റൂഫ് എന്ന പുതിയ നിറവും അവതരിപ്പിച്ചിട്ടുണ്ട്.