ഡിജിറ്റൽ, വിനോദസഞ്ചാര മേഖലകളിൽ നേട്ടം
Wednesday, January 1, 2025 12:14 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ അതിവേഗം വളരുന്നതായി സൂചന.
ആഗോള സൈബർ സുരക്ഷാ സൂചിക 2024ൽ ഒന്നാംശ്രേണിയിലെത്തി. 100ൽ 98.49 ആണ് ഇന്ത്യ സ്കോർ ചെയ്തത്. ഇത് സൈബർ സുരക്ഷാസന്നദ്ധതയിൽ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ അംഗമാക്കുന്നു.
ഡിജിറ്റൽ ഇന്ത്യ പോലുള്ള സംരംഭങ്ങളിലൂടെ ശക്തമായ സൈബർസുരക്ഷാ ചട്ടക്കൂടുകൾ കെട്ടിപ്പടുത്തു. ഇത് ഇന്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യത വിപുലീകരിക്കുക മാത്രമല്ല, ഓൺലൈൻ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ അവതരിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയും 2024ൽ അഭിവൃദ്ധി പ്രാപിച്ചതായാണു കണക്കുകൾ. ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് സൂചികയിൽ 2024ൽ ഇന്ത്യ 39-ാം സ്ഥാനത്താണ്. ഇൻക്രെഡിബിൾ ഇന്ത്യ, ദേഖോ അപ്നാ ദേശ് തുടങ്ങിയ പദ്ധതികൾ ആഭ്യന്തരവും അന്തർദേശീയവുമായ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിച്ചു.
2024ൽ സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾക്ക് കീഴിൽ 1400 കോടി (168.5 ദശലക്ഷം യുഎസ് ഡോളർ) രൂപ മൂല്യമുള്ള 52 ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തു.