ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അന്തിമ തീയതി നീട്ടി
Wednesday, January 1, 2025 12:14 AM IST
ന്യൂഡൽഹി: ആദായനികുതി റിട്ടേണ്‍(ഐടിആർ) സമർപ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി).
ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്. വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതൽ വിവരങ്ങൾ ചേർത്ത് ആവശ്യമെങ്കിൽ വ്യക്തികൾക്ക് പുതുക്കിയ ഐടിആർ ഫയൽ ചെയ്യാം. വ്യക്തികൾക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകൾക്ക് ഈ ആനുകൂല്യമില്ല.
പിഴയില്ലാതെ റിട്ടേണ്‍ സമർപ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ.
നിങ്ങൾക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാർഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം മൂന്നു ലക്ഷം രൂപയ്ക്കും മുകളിലാണെങ്കിൽ നിർബന്ധമായും റിട്ടേണ്‍ ഫയൽ ചെയ്യണം.
റിട്ടേണ്‍ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാത്തവർക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസമുണ്ടാകും.