റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്
Wednesday, January 1, 2025 12:14 AM IST
ന്യൂഡൽഹി: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്.
പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.
വാട്ട്സ്ആപ്പ് വഴി ലഭിക്കുന്ന ചിത്രങ്ങൾ എഡിറ്റ് ചെയ്തതാണോ, യാഥാർഥ്യവുമായി ബന്ധമുള്ളതാണോ എന്ന് വേഗത്തിൽ ഉപയോക്താക്കൾക്ക് മനസിലാക്കാൻ പുതിയ ഫീച്ചർ സഹായകമാകും.
വാട്ട്സ്ആപ്പിനുള്ളിൽ തന്നെ ഫീച്ചർ ലഭ്യമാകും എന്നതിനാൽ തന്നെ പുതിയ ഫീച്ചർ എത്തുന്നതിലൂടെ റിവേഴ്സ് സെർച്ച് ചെയ്യുന്നതിനായി ചിത്രം ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം വരുന്നില്ല.
വാട്സ്ആപ്പിൽ എത്തുന്ന ഇമേജ് ഗൂഗിൾ റിവേഴ്സ് സെർച്ചിലൂടെ ചിത്രത്തിന്റെ സോഴ്സും ആധികാരികതയും ഉറപ്പിക്കുന്നതിനൊപ്പം ചിത്രം എഡിറ്റ് ചെയ്തതാണോ കൃത്രിമം കാണിച്ചതാണോ എന്നൊക്കെ ബുദ്ധിമുട്ട് ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് കണ്ടെത്താൻ സാധിക്കും.
നിലവിൽ വാട്സ്ആപ്പ് വെബിന് മാത്രമുള്ള സേവനം ഭാവിയിൽ മൊബൈൽ ആപ്പിലേക്കും എത്താനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.