ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
Saturday, January 4, 2025 1:25 AM IST
ന്യൂഡൽഹി: ഗ്രാമീണ ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നതായി റിപ്പോർട്ട്. ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യ അനുപാതം ആദ്യമായി അഞ്ചു ശതമാനത്തിൽ താഴെ എത്തിയതായി എസ്ബിഐ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2023-24 സാന്പത്തികവർഷത്തിൽ നഗര ദാരിദ്ര്യത്തേക്കാൾ വേഗത്തിൽ ഗ്രാമീണ ഇന്ത്യയിലെ ദാരിദ്ര്യം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. 2024ൽ രാജ്യത്തെ ദാരിദ്ര്യനിരക്ക് 5 ശതമാനത്തിൽ താഴെയായി കുറഞ്ഞതോടെ കടുത്ത ദാരിദ്ര്യനിരക്ക് ഏതാണ് കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
2024 സാന്പത്തിക വർഷത്തിൽ ഗ്രാമീണ ദാരിദ്ര്യം 4.86 ശതമാനമായാണ് താഴ്ന്നത്. മുൻ സാന്പത്തികവർഷം ഇത് 7.2 ശതമാനമായിരുന്നു. 2011-12ലെ 25.7 ശതമാനത്തിൽ നിന്നാണ് ഗ്രാമീണ മേഖലയിൽ ഇത്രയും വലിയ പുരോഗതി ഉണ്ടായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഗ്രാമീണ ദാരിദ്ര്യത്തിന്റെ കുറവ്, ജനസംഖ്യത്തിൽ അഞ്ചു ശതമാനത്തിൽ താഴെയുള്ള ആളുകൾക്കിടയിൽ വർധിച്ച ഉപഭോഗ വളർച്ചയ്ക്ക് കാരണമായി. ഇത് ദാരിദ്ര്യരേഖയിൽ മാറ്റം വരുത്തി.
വർധിച്ച ഗ്രാമീണ ചെലവുകളും സർക്കാർ ക്ഷേമ പദ്ധതികളും മൂലം ഗ്രാമീണ ദാരിദ്ര്യം അഞ്ചു ശതമാനത്തിൽ താഴെ വരുന്നത് ഇതാദ്യമായാണ്.
വിവിധ കേന്ദ്ര പദ്ധതികളുടെ ആനുകൂല്യം ജനങ്ങൾക്ക് നേരിട്ട് കൈമാറുന്നത് വർധിച്ചതോടെ വരുമാനത്തിൽ നഗര- ഗ്രാമീണ വിടവ് കുറഞ്ഞതാണ് ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് കാരണമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇതിന്റെ ഫലമായി ഗ്രാമീണമേഖലയിൽ ചെലവഴിക്കൽ വർധിച്ചു. ഇത് ഗ്രാമീണ മേഖലയുടെ ഉണർവിന് കരുത്തുപകർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2024 സാന്പത്തികവർഷത്തിൽ നഗരപ്രദേശങ്ങളിൽ ദാരിദ്ര്യം 4.09 ശതമാനമായി കുറഞ്ഞു. മുൻ സാന്പത്തികവർഷം ഇത് 4.6 ശതമാനമായിരുന്നു. 2012ൽ ഇത് 13.7 ശതമാനമായിരുന്നു.
മൊത്തത്തിൽ, ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് ഇപ്പോൾ 4-4.5 ശതമാനമായി കണക്കാക്കപ്പെടുന്നു.
2023-24ൽ ഗ്രാമീണ-നഗര ഉപഭോഗ അന്തരം 69.7 ശതമാനമായി കുറഞ്ഞു. മുൻ വർഷം 71.2 ശതമാനവും ഒരു ദശകം മുന്പ് ഇത് 83.9 ശതമാനമായിരുന്നു.
2021 ലെ സെൻസസ് പൂർത്തിയാകുകയും പുതിയ ഗ്രാമീണ നഗര ജനസംഖ്യ കണക്കുകൾ പുറത്തുവരുകയും ചെയ്തുകഴിഞ്ഞാൽ ഈ സംഖ്യകളിൽ നേരിയ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. നഗര ദാരിദ്ര്യം ഇനിയും കുറയുമെന്നാണ് സൂചന.
മൊത്തത്തിലുള്ള ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് ഇപ്പോൾ നാലു മുതൽ-4.5 ശതമാനം പരിധിയിലായിരിക്കാം. കടുത്ത ദാരിദ്ര്യം ഏതാണ്ട് ഏറ്റവും കുറഞ്ഞ നിരക്കിലാകുമെന്നും എസ്ബിഐയുടെ റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. ഇത് ഗ്രാമ-നഗര പ്രദേശങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും ഗ്രാമീണമേഖലയിലെ വരുമാന അസമത്വം കുറയ്ക്കുന്നതിനും കാരണമായെന്നും റിപ്പോർട്ട് പറയുന്നു.