കടന്നുപോയത് രാജ്യം സാമ്പത്തിക മുന്നേറ്റം നടത്തിയ വര്‍ഷം: ടി.പി. ശ്രീനിവാസന്
Thursday, January 2, 2025 12:00 AM IST
കൊച്ചി: രാജ്യം സാമ്പത്തികമുന്നേറ്റം നടത്തിയ വര്‍ഷമാണു കടന്നുപോയതെന്ന് മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനും കെഎല്‍എം ചെയര്‍മാനുമായ ടി.പി. ശ്രീനിവാസന്. ജനാധിപത്യ, ഫാസിസ്റ്റ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെട്ടതിനാലാണു രാജ്യം കൈവരിച്ച നേട്ടം ശ്രദ്ധിക്കപ്പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബ്രാഞ്ചുകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടികളുടെ ദേശീയതല ഉദ്ഘാടനം കെഎല്‍എം ആസ്ഥാനത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ടര്‍ എം.പി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, ഡയറക്ടര്‍മാരായ പ്രഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ 25-ാം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആസ്ഥാനത്തും മേഖലാകേന്ദ്രങ്ങളിലും രാജ്യത്തെമ്പാടുമുള്ള ശാഖകളിലും ആഘോഷിച്ചു. എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ മുതിര്‍ന്ന ഇടപാടുകാരെ ആദരിച്ചു. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി മുഴുവന്‍ ബ്രാഞ്ചുകളിലും അഡ്വൈസറി ഫോറങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടു.
രജതജൂബിലിവര്‍ഷത്തില്‍ ആരംഭിക്കുന്ന സാമ്പത്തിക സാക്ഷരതാ മിഷന്റെ ഭാഗമായി എല്ലാ ബ്രാഞ്ചുകളുടെയും നേതൃത്വത്തില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വീതം ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്യാമ്പ് ഒരുക്കും.
പൊതുജനങ്ങള്‍ക്ക് ഫിനാന്‍ഷ്യല്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താന്‍ ബ്രാഞ്ചുകളില്‍ സൗജന്യ ഫിനാന്‍ഷ്യല്‍ ക്ലിനിക്ക് സംഘടിപ്പിക്കുന്നുണ്ട്. 25 സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളാണു കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവയില്‍ ഭൂരിപക്ഷവും ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് നടപ്പാക്കുക.