കണ്ണൂരിൽനിന്ന് എയർ കേരള എയർലൈൻ പറന്നുയരും
Tuesday, December 31, 2024 1:10 AM IST
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 2025 മേയിൽ എയർ കേരളയുടെ എയർലൈൻ പറന്നുയരും. സർവീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി കിയാലും എയർ കേരള അധികൃതരും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള ആഭ്യന്തര എയർപോർട്ടുകളിലേക്കാണ് എയർ കേരള സർവീസ് നടത്തുക.പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവീസുകൾ ആരംഭിക്കും.
ആദ്യഘട്ടത്തിൽ എടിആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ - അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകളും ആരംഭിക്കാനാണ് പദ്ധതി. 76 സീറ്റുകളുള്ള വിമാനമാണ് സർവീസ് നടത്തുന്നത്.
കണ്ണൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കരിപ്പുർ വിമാനത്താവളങ്ങളിൽ നിന്നും എയർ കേരള സർവീസ് നടത്തും.
കണ്ണൂർ വിമാനത്താവളത്തിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളിൽ അതിയായ സന്തോഷമുണ്ടെന്നും വ്യോമയാന രംഗത്തെ പുതിയ കാൽവയ്പ് എന്ന നിലയിൽ കണ്ണൂരിൽനിന്ന് എയർ കേരള സർവീസ് ആരംഭിക്കുന്നതിന് എയർപോർട്ട് മാനേജ്മെന്റ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും കിയാലുമായുള്ള പങ്കാളിത്തം കൂടുതൽ ആഭ്യന്തര അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ പ്രചോദനമാകുമെന്നും എയർ കേരള ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.