ട്രംപിന്റെ തിരിച്ചടി; ഇന്ത്യക്ക് 26% തീരുവ ചുമത്തി
Friday, April 4, 2025 3:08 AM IST
ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 26 ശതമാനം പകരം തീരുവ (റെസിപ്രോക്കൽ താരിഫ്) ചുമത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ തീരുവ 27 ശതമാനം എന്നാണ് കണക്കാക്കുന്നത്. മരുന്നുകൾ, സെമികണ്ടക്ടറുകൾ, ചില ധാതുക്കൾ എന്നിവയെ തീരുവവർധനയിൽനിന്ന് ഒഴിവാക്കി. ചെമ്മീൻ, കാർപെറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ യുഎസിലേക്കുള്ള കയറ്റുമതിയെ തീരുവവർധന സാരമായി ബാധിക്കും.
അതേസമയം, വസ്ത്രനിർമാണമേഖലയിൽ ഇന്ത്യയുടെ എതിരാളികളായ രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായേക്കും.
ഇന്ത്യയടക്കം അറുപതോളം രാജ്യങ്ങൾക്കാണു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരംതീരുവ ചുമത്തിയത്. മറ്റു രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുമത്തുന്ന തീരുവയുടെ നേർ പകുതി അവരുടെ ഉത്പന്നങ്ങൾക്കു മേൽ ഇനി അമേരിക്ക ചുമത്തും.
അതേസമയം, ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കു കുറഞ്ഞ തീരുവയാണു ചുമത്തിയിരിക്കുന്നത്. ബംഗ്ലാദേശ് ( 37%), ചൈന (54%), വിയറ്റ്നാം (46%) തായ്ലൻഡ് (36%) എന്നിങ്ങനെയാണു മറ്റു രാജ്യങ്ങൾക്കു ചുമത്തിയിരിക്കുന്ന പകരംതീരുവ.
അമേരിക്കൻ നടപടിയുടെ ആഘാതം വിലയിരുത്തുകയാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരേ ലോകരാജ്യങ്ങൾ രംഗത്തെത്തി. ലോക സന്പദ്ഘടനയ്ക്ക് കനത്ത തിരിച്ചടിയാണിതെന്നു യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലേയെൻ പറഞ്ഞു. ഒരു വ്യാപാരയുദ്ധത്തിൽ ആരും വിജയിക്കില്ലെന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ പ്രതികരണം.
ട്രംപിന്റെ തീരുമാനം വിലയിരുത്തുമെന്ന് ഏഷ്യയിൽ അമേരിക്കയുടെ ഉറ്റ സഖ്യകക്ഷിയായ ജപ്പാൻ അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരിവിപണികളിൽ തിരിച്ചടി നേരിട്ടു.
നരേന്ദ്ര മോദി സുഹൃത്താണ്, പക്ഷേ...
“ഏറെ കാത്തിരുന്ന നിമിഷമാണിത്. അമേരിക്കൻ വ്യവസായത്തിനു പുനർജന്മം ലഭിച്ച ദിവസമായി 2025 ഏപ്രിൽ രണ്ട് ഓർമിക്കപ്പെടും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്റെ നല്ല സുഹൃത്താണ്. എന്നാൽ, സുഹൃത്തെന്ന നിലയിൽ ശരിയായ രീതിയിലല്ല നമ്മെ പരിഗണിക്കുന്നത്. ഇന്ത്യ നമ്മുടെ ഉത്പന്നങ്ങൾക്ക് 52 ശതമാനം ഇറക്കുമതിത്തീരുവ ഈടാക്കുന്നു. അതിന്റെ പകുതി നാം തിരിച്ചും ഈടാക്കും.’’
-ഡോണൾഡ് ട്രംപ്