നെതന്യാഹുവിനു വാറന്റ്: ഹംഗറി ഐസിസി അംഗത്വം ഉപേക്ഷിച്ചു
Friday, April 4, 2025 12:56 AM IST
ബുഡാപെസ്റ്റ്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന്റെ പേരിൽ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗത്വം ഉപേക്ഷിക്കുന്നതായി ഹംഗറി വ്യക്തമാക്കി. നെതന്യാഹു ഹംഗറിയിൽ സന്ദർശനം ആരംഭിച്ചതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഗാസ സൈനികനടപടിയിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ആരോപിച്ചാണ് ഐസിസി നവംബറിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഓർബൻ ഇതിനു പിന്നാലെ ഐസിസി ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കുകയും നെതന്യാഹുവിനെ രാജ്യം സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.
നെതന്യാഹുവിനെതിരേ വാറന്റ് പുറപ്പെടുവിച്ചത് അംഗീകരിക്കാനാവില്ലെന്നും ഐസിസി അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്നു വ്യതിചലിച്ച് രാഷ്ട്രീയസംഘടനയെപ്പോലെ പ്രവർത്തിക്കുകയാണെന്നും ഹംഗേറിയൻ സർക്കാർ കഴിഞ്ഞദിവസം അറിയിച്ചു. ഹംഗറിയുടെ നടപടിയിൽ ഇസ്രയേൽ നന്ദി അറിയിച്ചു.
125 രാജ്യങ്ങൾ അംഗങ്ങളായ ഐസിസിക്ക് യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യത്തലവന്മാരെയടക്കം വിചാരണ ചെയ്യാൻ അധികാരമുണ്ട്. അതേസമയം, ഇസ്രയേൽ ഐസിസിയിൽ അംഗമല്ല.
പക്ഷേ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലെം, ഗാസ എന്നിവിടങ്ങൾ ഐസിസിയുടെ അധികാരപരിധിയിൽ വരുമെന്നു കോടതി മുന്പു വ്യക്തമാക്കിയിട്ടുണ്ട്.
ഐസിസിയിൽനിന്നു പുറത്തുപോകുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഹംഗറി. ഐസിസിയുടെ സ്ഥാപകാംഗംകൂടിയാണ് ഹംഗറി.
ബുധനാഴ്ചയാണ് നെതന്യാഹു ഹംഗറി സന്ദർശനം തുടങ്ങിയത്. ഹംഗേറിയൻ പ്രതിരോധമന്ത്രി ക്രിസ്റ്റോഫ് ബോബ്രോവ്നിസ്കി അദ്ദേഹത്തെ സ്വീകരിച്ചു.