കത്തോലിക്കരുടെ എണ്ണത്തിൽ വർധന
Saturday, March 22, 2025 1:38 AM IST
വത്തിക്കാൻ സിറ്റി: ലോകത്ത് കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തിൽ വർധനയെന്നു വത്തിക്കാൻ റിപ്പോർട്ട്. എന്നാൽ, വൈദികരുടെയും സന്യസ്തരുടെയും എണ്ണം കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.
വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പൊന്തിഫിക്കൽ ഇയർ ബുക്കിലേക്കായി സ്റ്റേറ്റ് സെക്രട്ടേറിയറ്റിനു കീഴിലെ സെൻട്രൽ ഓഫീസ് ഓഫ് ചർച്ച് സ്റ്റാറ്റിസ്റ്റിക്സ് സമാഹരിച്ച വിവരത്തിലാണ് ഇക്കാര്യമുള്ളത്.
ആഗോള കത്തോലിക്കാ ജനസംഖ്യ 2022നും 2023നുമിടയിൽ 1.15 ശതമാനം വർധിച്ചു. അതായത്, 139 കോടിയിൽനിന്ന് 140.6 കോടിയായി ഉയർന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് സഭയ്ക്ക് ഏറ്റവുമധികം വളർച്ചയുള്ളത്. ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ 3.31% വർധിച്ച് 2022ലെ 272 ദശലക്ഷത്തിൽ നിന്ന് 2023ൽ 281 ദശലക്ഷമായി. നിലവിൽ ലോകത്തിലെ കത്തോലിക്കാജനസംഖ്യയിൽ 20 ശതമാനവും ആഫ്രിക്കയിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള ഭൂഖണ്ഡം അമേരിക്കയാണ്. മൊത്തം കത്തോലിക്കരിൽ 47.8 ശതമാനവും ഈ ഭൂഖണ്ഡത്തിലാണുള്ളത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 0.9 ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽത്തന്നെ 27.4% പേർ തെക്കേ അമേരിക്കയിലാണ്. ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യം ബ്രസീലാണ്. 182 ദശലക്ഷം കത്തോലിക്കരാണ് ഇവിടെയുള്ളത്.
ലോക കത്തോലിക്കാ ജനസംഖ്യയിൽ 20.4 ശതമാനം യൂറോപ്പിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 0.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇറ്റലി, പോളണ്ട്, സ്പെയിൻ എന്നീ രാജ്യങ്ങളിലെ 90 ശതമാനം പേരും കത്തോലിക്കരാണ്.
ഏഷ്യയിൽ 2022നും 2023നും ഇടയിൽ കത്തോലിക്കാ ജനസംഖ്യ 0.6% വർധിച്ചു. ലോകത്തിലെ മൊത്തം കത്തോലിക്കരുടെ 11 ശതമാനം മാത്രമേ ഈ മേഖല പ്രതിനിധീകരിക്കുന്നുള്ളൂവെങ്കിലും ഫിലിപ്പീൻസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾക്ക് ഗണ്യമായ സാന്നിധ്യമുണ്ട്. ഫിലിപ്പീൻസിൽ 93 ദശലക്ഷം കത്തോലിക്കരും ഇന്ത്യയിൽ 23 ദശലക്ഷവുമുണ്ട്.
ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാപ്പുവ ന്യൂഗിനിയ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന ഓഷ്യാനിയയിൽ കത്തോലിക്കാ ജനസംഖ്യയിൽ 1.9% നേരിയ വർധനയുണ്ടായി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കത്തോലിക്കാസഭയിൽ ബിഷപ്പുമാരുടെ എണ്ണം 1.4 ശതമാനം വർധിച്ചു. 2023ലെ കണക്കനുസരിച്ച് 5,430 ബിഷപ്പുമാരാണുള്ളത്. ഒരു ബിഷപ്പിന് 2,59,000 വിശ്വാസികൾ എന്നതാണ് ആഗോള ശരാശരി. എന്നാൽ, ആഫ്രിക്കയിലിത് ഒരു ബിഷപ്പിന് 3,65,000 വിശ്വാസികൾ വരെയുണ്ട്.
അതേസമയം, ആഗോളതലത്തിൽ വൈദികരുടെ എണ്ണം കുറഞ്ഞു. 0.2% കുറവാണു രേഖപ്പെടുത്തിയത്. 2022ൽ 407,730 വൈദികരാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ 734 പേർ 406,996 ആയി. എന്നാൽ, ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ രേഖപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ 2.7%, ഏഷ്യയിൽ 1.6% എന്നിങ്ങനെയാണു വർധന.
2022നും 2023നും ഇടയിൽ സമർപ്പിതരായ വൈദികരുടെയും സന്യാസിനികളുടെയും എണ്ണത്തിൽ 1.6% കുറവുണ്ടായി. 2022ൽ 5,99,228 പേരാണ് ഉണ്ടായിരുന്നതെങ്കിൽ 2023ൽ 5,89,423 ആയി കുറഞ്ഞു. ആഗോളതലത്തിൽ കുറവുണ്ടെങ്കിലും സമർപ്പിതരായ സ്ത്രീകളുടെ എണ്ണത്തിൽ ആഫ്രിക്ക 2.2% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തിൽ, 2022നും 2023നുമിടയിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണം 1.8% കുറഞ്ഞു. അതേസമയം ആഫ്രിക്കയിൽ സെമിനാരി വിദ്യാർഥികളുടെ എണ്ണത്തിൽ 1.1% വർധന രേഖപ്പെടുത്തി.