മാർക്ക് കാർണി മന്ത്രിസഭയിൽ ഇന്ത്യൻ വംശജരെ നിലനിർത്തി
Saturday, March 15, 2025 1:49 AM IST
ഒട്ടാവ: കാനഡയുടെ 24-ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിൻ ട്രൂഡോ സർക്കാരിൽ മന്ത്രിമാരായിരുന്ന ഇന്ത്യൻ വംശജരായ കമൽ ഖേരയെയും അനിത ആനന്ദിനെയും നിലനിർത്തി.
പഞ്ചാബിൽനിന്നു കുടിയേറിയ കുടുംബത്തിലെ അംഗമായ കമൽ ഖേരയ്ക്ക് ആരോഗ്യവകുപ്പാണ് നൽകിയിട്ടുള്ളത്. തമിഴ്നാട്ടിൽനിന്നു കുടിയേറിയ കുടുംബാംഗമായ അനിത ആനന്ദിന് ഇന്നൊവേഷൻ, സയൻസ്, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയും നൽകി. പ്രധാനമന്ത്രി ഉൾപ്പെടെ 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ 37 അംഗങ്ങളുണ്ടായിരുന്നു. ഒന്പതു വർഷം ഭരിച്ച ട്രൂഡോ ജനപ്രീതി ഇടിഞ്ഞ പശ്ചാത്തലത്തിൽ പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വ്യാപാരയുദ്ധത്തെ നേരിടുകയെന്ന ദൗത്യമാണ് സാന്പത്തികവിദഗ്ധനായ കാർണിക്കുള്ളത്.