കുൽഭൂഷൻ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച മതപണ്ഡിതൻ അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു
Monday, March 10, 2025 1:52 AM IST
ഇസ്ലാമാബാദ്: മുന്‍ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുല്ഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐയെ സഹായിച്ച മതപണ്ഡിതന് വെടിയേറ്റ് മരിച്ചു. മുഫ്തി ഷാ മിര്‍ ആണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുര്‍ബത്തിലെ മോസ്കിൽ വെള്ളിയാഴ്ച രാത്രി പ്രാർഥനയ്ക്കുശേഷം പുറത്തിറങ്ങിയ മുഫ്തിക്കുനേരെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബലൂചിസ്ഥാനിലെ പ്രമുഖ മതപണ്ഡിതനായ മുഫ്തി ഷാ മിറിനുനേരേ കഴിഞ്ഞവർഷം രണ്ടുതവണ വധശ്രമം നടന്നിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം അധികം പുറത്തിറങ്ങാറില്ലായിരുന്നു.
ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെയുഐ) അംഗമായിരുന്ന മുഫ്തി മതപഠനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സൂചന. പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാൾ, പാക്കിസ്ഥാനിലെ ഭീകരവാദികളുടെ ക്യാന്പുകൾ സന്ദര്‍ശിക്കുകയും ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.
നിരവധി ബലൂചിസ്ഥാൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിൽ നിർണായക പങ്ക് വഹിച്ച മുഫ്തി, ബലൂചിസ്ഥാനിൽ മതതീവ്രവാദം പ്രചരിപ്പിക്കുന്നതിനും നേതൃത്വം നൽകി. ബലൂച് പോരാളികളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന് ചോർത്തിക്കൊടുത്തിരുന്ന ഇയാൾ 2023ൽ ടർബത്തിൽ മതനിന്ദ ആരോപിച്ച് അബ്ദുൾ റൗഫ് എന്ന അധ്യാപകനെ കൊല്ലാൻ ആഹ്വാനം നൽകുകയുമുണ്ടായി.
നാവികസേനയില്‍നിന്നു വിരമിച്ചശേഷം ഇറാനിലെ ചബഹാറില്‍ വ്യാപാരസ്ഥാപനം നടത്തിയിരുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്ഭൂഷന് ജാദവിനെ പാക്-അഫ്ഗാൻ അതിർത്തിയിലെ ബലൂചിസ്ഥാനിൽപ്പെട്ട ചമാൻ മേഖലയിൽ വച്ച് 2016 മാർച്ച് മൂന്നിനാണ് പിടികൂടിയത്. പിന്നീട് പാക് സൈന്യത്തിനു കൈമാറി.
2017 ഏപ്രിലിൽ ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയ്ക്കെതിരേ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് വധശിക്ഷ കോടതി സ്റ്റേ ചെയ്യുകയുമുണ്ടായി. കുൽഭൂഷണെതിരേ പാക്കിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.