ഭീഷണിപ്പെടുത്തിയാൽ ഇറാൻ ചർച്ചയ്ക്കു വരില്ല: ഖമനയ്
Monday, March 10, 2025 1:52 AM IST
ടെഹ്റാൻ: ഭീഷണിക്കു വഴങ്ങി ചർച്ചയ്ക്കില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്. ആണവക്കരാറുണ്ടാക്കാൻ ചർച്ചാസന്നദ്ധത അറിയിച്ച് ഇറേനിയൻ നേതൃത്വത്തിനു കത്തയച്ചുവെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കയുടെയോ ട്രംപിന്റെയോ പേരു പരാമർശിക്കാതെയാണ് ഖമനയ് മറുപടി നല്കിയത്.
ചില രാജ്യങ്ങൾ ചർച്ച വേണമെന്നു വാശിപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹാരിക്കാനല്ല, ആധിപത്യം ഉറപ്പിക്കാനാണ് അവരുടെ ശ്രമം. അവരുടെ പ്രതീക്ഷകൾ സാധിച്ചുകൊടുക്കാൻ ഇറാനു കഴിയില്ലെന്ന് ഖമനയ് കൂട്ടിച്ചേർത്തു.
ഇറേനിയൻ നേതൃത്വത്തിനു കത്തയച്ച കാര്യം ട്രംപ് വെള്ളിയാഴ്ചയാണ് അറിയിച്ചത്. ചർച്ചയ്ക്കു തയാറായില്ലെങ്കിൽ സൈനിക നടപടി വേണ്ടിവരുമെന്ന സൂചന അദ്ദേഹം നല്കി. ഇറാനെ ഉപദ്രവിക്കാൻ ആഗ്രഹമില്ലെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനാണു ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുൻകൈ എടുത്ത് കരാറുണ്ടാക്കിയതാണ്. എന്നാൽ പിന്നീട് അധികാരത്തിലേറിയ ട്രംപ് കരാറിൽനിന്നു പിന്മാറി. ഇതേത്തുടർന്ന് ഇറാൻ ആണവ ഇന്ധന സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്താൻ തുടങ്ങി. ഇറാന്റെ നീക്കങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റാഫേൽ ഗ്രോസി കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു.