ജർമനിയിൽ വിമാനത്താവള ജീവനക്കാർ പണിമുടക്കി; അഞ്ചുലക്ഷം യാത്രക്കാരെ ബാധിച്ചു
Tuesday, March 11, 2025 12:50 AM IST
ബെർലിൻ: ജർമനിയിൽ വേതനവർധന ആവശ്യപ്പെട്ട് വിമാനത്താവള ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ആയിരക്കണക്കിനു വിമാന സർവീസുകൾ റദ്ദാക്കിയത് അഞ്ചു ലക്ഷം യാത്രക്കാരെ ബാധിച്ചു.
പൊതുമേഖല, ഗതാഗത തൊഴിലാളികളുടെ യൂണിയനായ വെർഡി ഞായറാഴ്ച ഹാംബർഗ് വിമാനത്താവളത്തിൽ ആരംഭിച്ച പണിമുടക്ക് ദേശീയതലത്തിൽ വ്യാപിപ്പിക്കുകയായിരുന്നു. ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക് തുടങ്ങി എല്ലാ പ്രമുഖ നഗരങ്ങളിലും വിമാനസർവീസുകൾ റദ്ദാക്കേണ്ടിവന്നു.
എട്ടു ശതമാനം വേതനവർധനയാണു തൊഴിലാളി യൂണിയൻ ആവശ്യപ്പെടുന്നത്. യാത്രക്കാർ ദുരിതത്തിലായെങ്കിലും തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താൻ പണിമുടക്ക് അത്യാവശ്യമാണെന്നു യൂണിയൻ പറഞ്ഞു.
വെർഡിയുടെ കീഴിലുള്ള ശുചീകരണത്തൊഴിലാളികളും ദിവസങ്ങളായി പണിമുടക്കിലാണ്. ബെർലിൻ അടക്കമുള്ള നഗരങ്ങളിൽ ഒരാഴ്ചയായി മാലിന്യശേഖരണം നിലച്ചിരിക്കുകയാണ്.
കേന്ദ്ര, പ്രാദേശിക സർക്കാർ വകുപ്പുകളിൽ കൂടുതൽ പണിമുടക്കിനുള്ള നീക്കത്തിലാണു യൂണിയൻ.