വെടിനിർത്തലിന് ഉപാധികൾ വച്ച് പുടിൻ
Saturday, March 15, 2025 12:00 AM IST
മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഉപാധികൾ വച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സൗദിയിൽ അമേരിക്കയും യുക്രെയ്നും സമ്മതിച്ച വെടിനിർത്തൽ പദ്ധതി റഷ്യ തത്ത്വത്തിൽ അംഗീകരിക്കുന്നതായി പുടിൻ അറിയിച്ചു. എന്നാൽ, സുപ്രധാനമായ ചില വ്യവസ്ഥകളിൽ വ്യക്തത ഉണ്ടാക്കാതെ യുദ്ധം നിർത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫുമായി പുടിൻ വ്യാഴാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി. തുടർന്ന് അമേരിക്കയിലെക്കു മടങ്ങിയ വിറ്റ്കോഫ് പ്രസിഡന്റ് ട്രംപിനെ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ധരിപ്പിക്കും.
നാറ്റോ അംഗത്വം വേണമെന്ന മോഹം യുക്രെയ്ൻ ഉപേക്ഷിക്കുക, റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങളിൽ അവകാശവാദം ഉന്നയിക്കാതിരിക്കുക, യുക്രെയ്ന്റെ സേനാബലം പരിമിതപ്പെടുത്തുക, പാശ്ചാത്യ ശക്തികൾ റഷ്യക്കെതിരേ ചുമത്തിയ ഉപരോധങ്ങൾ പിൻവലിക്കുക, യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തുക എന്നീ ഉപാധികളാണ് റഷ്യക്കുള്ളതെന്ന് പുടിൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
വെടിനിർത്തലിന്റെ കാര്യത്തിൽ കരുതലോടെയുള്ള ശുഭാപ്തിവിശ്വാസമാണ് റഷ്യക്കുള്ളതെന്നും പുടിന് ഒട്ടേറെ കാര്യങ്ങളിൽ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പിന്നീട് പറഞ്ഞു.
അതേസമയം, വെടിനിർത്തലിനു പുടിൻ പിന്തുണ അറിയിച്ചത് ശുഭകരമാണെന്നു കരുതുന്നു. റഷ്യ-അമേരിക്ക ചർച്ചകൾക്ക് കൂടുതൽ വഴിതുറക്കുന്ന സമീപനമാണ് അദ്ദേഹത്തിൽനിന്നുണ്ടായിരിക്കുന്നത്.
പുടിനുമായി ഫോണിൽ ചർച്ച നടത്താൻ തയാറാണെന്ന് ട്രംപ് ഇതിനു പിന്നാലെ അറിയിച്ചുകഴിഞ്ഞു. വെടിനിർത്തലിനു തയാറാണെന്ന സന്ദേശമാണു റഷ്യയിൽനിന്നു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിനിർത്തലിനു സമ്മതമല്ലെന്നു ട്രംപിനോടു പറയാൻ പേടിയുള്ളതുകൊണ്ടാണ് പുടിൻ ഡിമാൻഡുകൾ വയ്ക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അഭിപ്രായപ്പെട്ടു.