യുഎസിൽ മൈക്ക് ജോൺസൻ സ്പീക്കർ പദവി നിലനിർത്തി
Sunday, January 5, 2025 12:04 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള മൈക്ക് ജോൺസൻ നേരിയ ഭൂരിപക്ഷത്തിന് സ്പീക്കർപദവി നിലനിർത്തി.
ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിലെ മൂന്ന് അംഗങ്ങൾ വിമത നിലപാടു സ്വീകരിച്ചത് ജോൺസന്റെ ജയം നീട്ടിക്കൊണ്ടുപോയി. ട്രംപ് അടക്കമുള്ളവർ ഫോണിൽ സംസാരിച്ചതിനെത്തുടർന്ന് ഇതിൽ രണ്ടുപേർ നിലപാട് മയപ്പെടുത്തിയപ്പോഴാണ് ജോൺസൻ ജയിച്ചത്.
ജയിക്കാൻ വേണ്ട 218 വോട്ടുകൾ മാത്രമാണ് ജോൺസനു ലഭിച്ചത്. 434 അഗം സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 219ഉം ഡെമോക്രാറ്റിക് പാർട്ടിക് 215ഉം അംഗങ്ങളാണുള്ളത്.
ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷമുണ്ടെങ്കിലും എല്ലാ റിപ്പബ്ലിക്കന്മാരും ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പിൽ മൈക് തോമസ് മാസി, റാൽഫ് നോർമൻ, കീത്ത് സെൽഫ് എന്നീ റിപ്പബ്ലിക്കൻ അംഗങ്ങൾ ജോൺസനെ പിന്തുണയ്ക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് റിപ്പബ്ലിക്കൻ നേതാക്കൾ ഇവരുമായി ചർച്ച നടത്തി. ഇവരിൽ ചിലരുമായി ട്രംപ് നേരിട്ടു സംസാരിച്ചു. പിന്നീടു നടന്ന വോട്ടെടുപ്പിൽ രണ്ടു പേർ ജോൺസന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ ഹക്കീം ജഫ്രിയായിരുന്നു എതിർ സ്ഥാനാർഥി. ജോൺസന്റെ ജയത്തിൽ ട്രംപ് അഭിനന്ദനം അറിയിച്ചു.