ഗാസ വെടിനിർത്തലിന് വീണ്ടും ചർച്ച ; ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
Monday, January 6, 2025 3:38 AM IST
ദോഹ: ഗാസ വെടിനിർത്തലിന് ചർച്ചകൾ ഊർജിതമായി. യുഎസിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന ജനുവരി 20നു മുന്പ് വെടിനിർത്തലുണ്ടാക്കി ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ മോചനം സാധ്യമാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
യുഎസിലെ ബൈഡൻ ഭരണകൂടവും ഖത്തർ, ഈജിപ്ത് രാജ്യങ്ങളും മധ്യസ്ഥതയ്ക്കു നേതൃത്വം നല്കുന്നു. ചർച്ചയ്ക്കായി ഇസ്രേലി പ്രതിനിധികൾ ഖത്തർ തലസ്ഥാനമായ ദോഹയിലെത്തി. വെടിനിർത്തൽ ധാരണ അംഗീകരിക്കാൻ ഹമാസ് തയാറാകണമെന്നു ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടു.
ബന്ദിയുടെ വീഡിയോ പുറത്തുവിട്ടു
ഗാസയിൽ ബന്ദിയായി തുടരുന്ന പത്തൊന്പതു വയസുള്ള ഇസ്രേലി ബന്ദി ലിറി അൽബാഗിന്റെ വീഡിയോ ഹമാസ് ഭീകരർ ശനിയാഴ്ച പുറത്തുവിട്ടു. ബന്ദിമോചനത്തിന് ഇസ്രേലി സർക്കാർ ധാരണ ഉണ്ടാക്കണമെന്നു ലിറി വീഡിയോയിൽ ആവശ്യപ്പെട്ടു.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടയ്ക്ക് ഹമാസ് ഭീകരർ തെക്കൻ ഇസ്രയേലിൽനിന്നു ലിറിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മകളുടെ മോചനത്തിനു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടപടിയെടുക്കണമെന്നു ലിറിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
ആക്രമണം തുടരുന്നു
ഇസ്രേലി സേന തുടരുന്ന ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ 88 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഗാസ സിറ്റിയിലെ ഒരു വീട്ടിലുണ്ടായ ആക്രമണത്തിൽ മാത്രം ഏഴു കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഹമാസ് തീവ്രവാദികളെ ലക്ഷ്യമിട്ട് നൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു. ഇന്നലെ യമനിലെ ഹൂതി വിമതർ തൊടുത്ത മിസൈൽ വെടിവച്ചിട്ടതായും ഇസ്രയേൽ അറിയിച്ചു.
ഇസ്രേലി നഗരമായ ഹൈഫയിലെ വൈദ്യുതി സ്റ്റേഷൻ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണ് അയച്ചതെന്നു ഹൂതികൾ പറഞ്ഞു.