ഓസ്ട്രിയൻ ചാൻസലർ നെഹാമർ രാജി പ്രഖ്യാപിച്ചു
Monday, January 6, 2025 3:38 AM IST
വിയന്ന: സഖ്യകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ പൊളിഞ്ഞതോടെ കാൾ നെഹാമർ ഓസ്ട്രിയൻ ചാൻസലർ സ്ഥാനം രാജിവയ്ക്കുമെന്നു പ്രഖ്യാപിച്ചു. നെഹാമറുടെ പീപ്പിൾസ് പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റ് എന്ന മറ്റൊരു പാർട്ടിയും തമ്മിൽ സർക്കാർ രൂപവത്കരിക്കാൻ നടത്തിയ ചർച്ചകൾ അലസിപ്പിരിയുകയായിരുന്നു.
സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ നിലപാടു പുലർത്തുന്ന ഫ്രീഡം പാർട്ടി 29 ശതമാനം വോട്ടുകളുമായി ഒന്നാമതെത്തിയിരുന്നു. എന്നാൽ, നാസി പാരന്പര്യത്തിനു പുറമേ റഷ്യയെ പിന്തുണയ്ക്കുകൂടി ചെയ്യുന്ന ഫ്രീഡം പാർട്ടിയുമായി ചേർന്നു സർക്കാരുണ്ടാക്കുന്നതിനു മറ്റു പാർട്ടികൾക്കു താത്പര്യമില്ല. ഫ്രീഡം പാർട്ടിയെ ഒഴിവാക്കി സർക്കാർ രൂപവത്കരിക്കാൻ നെഹാമർ നടത്തിയ ശ്രമങ്ങളാണു പരാജയപ്പെട്ടത്.
ഈ സാഹചര്യത്തിൽ ഫ്രീഡം പാർട്ടിയോട് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിക്കാൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലൻ നിർദേശിച്ചേക്കാം. സർക്കാർ രൂപവത്കരണം അസാധ്യമായാൽ വീണ്ടും തെരഞ്ഞെടുപ്പു നടക്കാനും സാധ്യതയുണ്ട്. അഭിപ്രായ സർവേകളിൽ ജനപിന്തുണ വർധിക്കുന്ന ഫ്രീഡം പാർട്ടിക്കു പുതിയ തെരഞ്ഞെടുപ്പിനോടാണു താത്പര്യം.