ജഡ്ജിമാർക്ക് ഇന്ത്യയിൽ പരിശീലനം റദ്ദാക്കി ബംഗ്ലാദേശ്
Monday, January 6, 2025 3:38 AM IST
ധാക്ക: അന്പതോളം ബംഗ്ലാദേശ് ജഡ്ജിമാർക്കും ജുഡീഷൽ ഓഫീസർമാർക്കും ഇന്ത്യയിൽ പരിശീലനം നല്കാനുള്ള തീരുമാനം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ റദ്ദാക്കി. വിജ്ഞാപനം റദ്ദാക്കിയെന്ന് നിയമമന്ത്രാലയം അറിയിച്ചു.
സുപ്രീംകോടതി നിർദേശപ്രകാരമാണ് പരിശീലനപദ്ധതി റദ്ദാക്കിയതെന്ന് ദ ഡെയ്ലി സ്റ്റാർ ദിനപത്രം റിപ്പോർട്ട് ചെയ്തു. മധ്യപ്രദേശിലെ നാഷണൽ ജുഡീഷൽ അക്കാഡമിയിലും സ്റ്റേറ്റ് ജുഡീഷൽ അക്കാഡമിയിലുമായി ഫെബ്രുവരി പത്തിന് പരിശീലനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
പരിശീലന പരിപാടിയുടെ മുഴുവൻ ചെലവും വഹിക്കാമെന്ന് ഇന്ത്യാ ഗവൺമെന്റ് സമ്മതിച്ചിരുന്നു. ഷേഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയം തേടിയതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഉലച്ചിൽ വന്നിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ അതിക്രമങ്ങൾ നിത്യസംഭവമായി മാറി.