‘ദ് ബ്രൂട്ടലിസ്റ്റി’ന് ഗോൾഡൺ ഗ്ലോബ്
Monday, January 6, 2025 11:05 PM IST
ബെവർലി ഹിൽട്ടൺ (കാലിഫോർണിയ): എൺപത്തിരണ്ടാമത് ഗോൾഡൻ ഗ്ലോബ് വേദിയിൽ മൂന്നു പുരസ്കാരങ്ങളുമായി ബ്രാഡി കോർബെറ്റ് സംവിധാനം ചെയ്ത ദ് ബ്രൂട്ടലിസ്റ്റിന്റെ പടയോട്ടം.
മികച്ച ചിത്രത്തിനൊപ്പം മികച്ച നടൻ, മികച്ച സംവിധായകൻ എന്നിവയ്ക്കുള്ള പുരസ്കാരവും അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം സ്വന്തമാക്കുകയായിരുന്നു. ബ്രൂട്ടലിസ്റ്റിലെ അഭിനയത്തിനാണ് അഡ്രിയന്‍ ബ്രോഡി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.
മികച്ച വിദേശചിത്രത്തിനുള്ള മത്സരത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്ത് ഫ്രഞ്ച് ചിത്രം എമിലിയ പെരസ് നേടി. പായൽ കപാഡിയെ സംവിധാനം ചെയ്ത, മുംബൈയിലെ രണ്ട് മലയാളി നഴ്സുമാരുടെ കഥപറയുന്ന ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റി’നെയാണ് എമിലിയ പെരസ് പിന്തള്ളിയത്. മികച്ച വിദേശചിത്രം ഉൾപ്പെടെ നാല് അവാര്‍ഡുകളും എമിലിയ പെരെസിനു ലഭിച്ചു. മൊത്തം 10 നോമിനോഷനുകളുമായാണ് എമിലിയ പെരെസ് ഗോള്‍ഡന്‍ ഗ്ലോബിലെത്തിയത്.
ബ്രസീലിയന്‍ നടി ഫെര്‍ണാണ്ട ടോറസാണ് മികച്ച നടിക്കുള്ള പുരസ്കാരം നേടിയത്. ‘ഐആം സ്റ്റില്‍ ഹിയറി’ ലെ അഭിനയമാണ് 59കാരിയായ ഫെര്‍ണാണ്ടയെ ഗോള്‍ഡന്‍ ഗ്ലോബിന് അര്‍ഹയാക്കിയത്.