വിട്ടയയ്ക്കാനുദ്ദേശിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് കൈമാറി
Monday, January 6, 2025 11:05 PM IST
ടെൽ അവീവ്: ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ വിട്ടയയ്ക്കാൻ തയാറാണെന്ന് അറിയിച്ച 34 ബന്ദികളുടെ പട്ടിക ഹമാസ് വാർത്താചാനലായ ബിബിസിക്കു കൈമാറി. വെടിനിർത്തൽ കരാറിന്റെ അന്തിമഘട്ടത്തിലാവും ഇവരെ സ്വതന്ത്രരാക്കുക.
10 സ്ത്രീകളും അന്പതിനും എൺപത്തഞ്ചിനും മധ്യേ പ്രായമുള്ള പുരുഷന്മാരും ഏതാനും കുട്ടികളും ഇതിലുൾപ്പെടുന്നുണ്ടെന്നാണു വിവരം. ഈ കുട്ടികൾ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണു ഹമാസ് നേരത്തേ അവകാശപ്പെട്ടിരുന്നത്. അസുഖബാധിതരെന്നു പറയപ്പെടുന്ന ബന്ദികളും പട്ടികയിലുണ്ട്. എന്നാൽ ആ പട്ടിക തങ്ങൾക്ക് ഹമാസ് കൈമാറിയിട്ടില്ലെന്നു ഇസ്രേലി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഇസ്രയേൽ ഇടനിലക്കാർ വഴി കൈമാറിയ പട്ടികയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. നാളിതുവരെ ബന്ദികളുടെ അവസ്ഥയെക്കുറിച്ചുള്ള യാതൊരുവിധത്തിലുള്ള അറിയിപ്പും ഹമാസ് നൽകിയിട്ടില്ലെന്നും ഓഫീസ് അറിയിച്ചു.
ഇസ്രയേലിന് മേൽ അന്താരാഷ്ട്ര സമ്മർദം വർധിപ്പിക്കാനുള്ള ഹമാസിന്റെ ശ്രമത്തിന്റെ ഭാഗമാണു ഇപ്പോഴത്തെ വാഗ്ദാനം എന്നാണു പൊതുവേയുളള വിലയിരുത്തൽ. ഈയാഴ്ച ദോഹയിൽ ആരംഭിച്ച വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്നാണു വിവരം.
ധാരണയിലെത്താൻ കഴിയാത്തത് ഇസ്രയേലിന്റെ തെറ്റാണെന്നാണു ഹമാസിന്റെ വാദം. ഇത് ഇസ്രയേൽ മുന്പും നിഷേധിച്ചിരുന്നു.