ഹില്ലരിക്കും സോറോസിനും പരമോന്നത ബഹുമതി സമ്മാനിച്ച് ബൈഡൻ
Monday, January 6, 2025 3:38 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റ് ജോ ബൈഡൻ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റൺ, ശതകോടീശ്വരൻ ജോർജ് സോറോസ് എന്നിവരടക്കം 19 പേർക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു.
വൈറ്റ് ഹൗസിൽ ശനിയാഴ്ചയായിരുന്നു ചടങ്ങുകൾ. പ്രഥമ വനിത, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികൾ വഹിച്ചിട്ടുള്ള ഹില്ലരി ചരിത്രം കുറിച്ചുവെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു.
ജനാധിപത്യം, സാമൂഹ്യനീതി, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയ്ക്കു നല്കിയ സംഭാവനകൾ പരിഗണിച്ചാണ് സോറോസിനു മെഡൽ നല്കിയത്. തൊണ്ണൂറ്റിനാലുകാരനായ അദ്ദേഹം ചടങ്ങിലെത്തിയില്ല. മകൻ അലക്സ് സോറോസ് ആണു മെഡൽ സ്വീകരിച്ചത്.
സ്പാനിഷ് പാചകവിദഗ്ധൻ ഹൊസെ ആന്ദ്രെസിനും മെഡൽ ലഭിച്ചു. പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടവർക്കു ഭക്ഷണം എത്തിക്കുന്നതിൽ നല്കിയ സംഭാവനകൾ പരിഗണിച്ചാണിത്. അതേസമയം, നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വധിക്കാൻ ശ്രമിച്ചതിനു പിടിയിലായ റയാൻ വെസ്ലി റൂത്തിനൊപ്പം ഹൊസെ ആന്ദ്രെസ് നിൽക്കുന്ന ചിത്രം ഇതിനു പിന്നാലെ പുറത്തുവന്നു.