മാര്‍ കൂവക്കാട്ടിന്റെ കര്‍ദിനാള്‍പദവി ഭാരതസഭയ്ക്ക് ലഭിച്ച അംഗീകാരം: ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ
Monday, November 25, 2024 3:50 AM IST
ചങ്ങനാശേരി: മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ പദവി ഭാരതസഭയ്ക്ക് മാര്‍പാപ്പ നല്കിയ അംഗീകാരവും സമ്മാനവുമാണെന്ന് വത്തിക്കാന്‍ സെക്രട്ടറി ഓഫ് ദ സ്റ്റേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ഡോ. എഡ്ഗാര്‍ പേഞ്ഞ പാര്‍റ. മാര്‍ കൂവക്കാട്ടിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കെടുത്തു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവാശ്രയത്തില്‍ ഉറച്ച് സഭയ്ക്കും സമൂഹത്തിനുംവേണ്ടി കൂടുതല്‍ കര്‍മനിരതമാകാന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും ഡോ.എഡ്ഗാര്‍ പേഞ്ഞ പാര്‍റ ആശംസിച്ചു.
ചങ്ങനാശേരി അതിരൂപതയ്ക്കും മാര്‍ കൂവക്കാട്ടിന്റെ കുടുംബത്തിനും അദ്ദേഹം നന്ദിയും പ്രാര്‍ഥനയും അര്‍പ്പിച്ചു.മാര്‍ കൂവക്കാട്ട് കാരുണ്യത്തിന്റെ പ്രതീകം: ലിയോപോള്‍ദോ ജിറേല്ലി
കര്ദിനാള്മാരുടേത് തിരുസഭയുടെ ഹൃദയത്തോടു ചേര്‍ന്നു ശുശ്രൂഷയാണെന്നും ഭാരതത്തിലെ മൂന്നു വ്യക്തിസഭകളും ഒരേമനസോടെ നല്കുന്ന സാക്ഷ്യം ആഗോളസഭയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അപ്പസ്തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി. വിശ്വാസത്തിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും പ്രതീകമാണ് മാര്‍ കൂവക്കാട്ട്. ലഭിച്ച ഉന്നത പദവിയിൽ കൂടുതല്‍ കാര്യക്ഷമതയോടെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയണമെന്നും ജിറേല്ലി ആശംസിച്ചു.
മെത്രാഭിഷേക ചടങ്ങിനു മുപ്പതിലേറെ മെത്രാന്മാര്
ചങ്ങനാശേരി: നിയുക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ചടങ്ങിനു വിദേശത്തു നിന്നും ഇന്ത്യയില്‍നിന്നുമായി എത്തിയത് മുപ്പതോളം മെത്രാന്മാര്.
ഇന്ത്യയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറെല്ലി, വത്തിക്കാന്‍ സെക്രട്ടറി ഓഫ് ദ സ്റ്റേറ്റ് സബ്സ്റ്റിറ്റ്യൂട്ട് ആര്‍ച്ച്ബിഷപ് ഡോ.എഡ്ഗാര്‍ പേഞ്ഞ പാര്‍റ, മാര്‍ കൂവക്കാട്ടിനൊപ്പം കര്‍ദിനാളായി ഉയര്‍ത്തപ്പെട്ട ആര്‍ച്ച് ബിഷപ് റോളന്താസ് മാക്രിക്കസ്, സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്ച്ച്ബിഷപ്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് കോച്ചേരി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോര്‍ജ് വലിയമറ്റം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോണ്‍ നെല്ലിക്കുന്ന്, ബിഷപ് ഡോ.സിൽവിസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ ചാക്കോ തോട്ടുമാരിക്കല്‍, ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ തോമസ് പാടിയത്ത്, ഗീവര്‍ഗീസ് മാര്‍ അപ്രേം, ബിഷപ് ഡോ.ഡെന്നിസ് കുറുപ്പശേരി, വത്തിക്കാന്‍ പ്രതിനിധികളായ മോണ്‍.ജേവിയര്‍ ഡോമിന്‍ഗോ ഫെര്‍ണാണ്ടസ്, റവ.ഡോ.മെലേനിയ ലെര്മേരി, റവ.ഡോ.അലക്സാഡ്രോ ഗാലോ, റവ. ഡോ.ഡാനിയല്‍ നര്ഡിസ്, വിവിധ രൂപതകളിലെ വികാരിജനറാള്‍മാര്‍, വൈദികര്‍, സന്യാസസഭകളുടെ പ്രൊവിന്‍ഷ്യാള്‍മാര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തവരില്‍പ്പെടുന്നു.
മെത്രാഭിഷേകത്തിന് സാക്ഷികളാകാന്‍ മാതാപിതാക്കളും വല്യമ്മ ശോശാമ്മയും
ചങ്ങനാശേരി: മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ പങ്കാളികാന്‍ മാതാപിതാക്കളായ ജേക്കബും ലീലാമ്മയും വല്ല്യമ്മ ശോശാമ്മയും മറ്റു കുടുംബാംഗങ്ങളുമെത്തി. ശുശ്രൂഷകള്‍ നേരിട്ടുകാണാന്‍ ഇവര്‍ക്ക് പള്ളിക്കുള്ളില്‍ ക്രമീകരണം ഒരുക്കിയിരുന്നു. കൊച്ചുമകന്റെ മെത്രാഭിഷേക ചടങ്ങിലും അദ്ദേഹം അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയിലും ശോശാമ്മയ്ക്കു പങ്കെടുക്കാനയത് ഏറെ ആഹ്ലാദം പകർന്നു.