യുഡിഎഫിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി
1492845
Sunday, January 5, 2025 10:58 PM IST
കോട്ടയം: യുഡിഎഫിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാമ്പാടിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുറത്തുനിന്നുള്ള ശക്തികളുടെ സാന്നിധ്യം യുഡിഎഫിനുമേൽ പിടിമുറുക്കിയിരിക്കുകയാണെന്നും എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും തൃപ്തിപ്പെടുത്തി മാത്രമേ ഇവർക്ക് മുന്നോട്ടുപോകാൻ കഴിയൂവെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ലീഗിന് വോട്ടിനോടും സീറ്റിനോടും ആർത്തിയാണ്. ഏങ്ങനെയെങ്കിലും സീറ്റ് പിടിക്കണമെന്ന വല്ലാത്തൊരു വാശിയാണ് ലീഗ് കാട്ടുന്നത്. ഇതിനായി വർഗീയ കാർഡ് ഇറക്കി കളിക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് ഇതിന് കൂട്ടുനിൽക്കുന്ന സ്ഥിതിയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിക്കും എസ്ഡിപിഐക്കും കീഴ്പ്പെടുകയാണെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ, പി.കെ. ബിജു, കെ. അനിൽകുമാർ, പി.കെ. ഹരികുമാർ, റെജി സഖറിയ, കെ.എം. രാധാകൃഷ്ണൻ, ലാലിച്ചൻ ജോർജ്, കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.